സഞ്ജനക്ക് ഭൂമി വാഗ്ദാനം; കണ്ണൂരിൽ നിന്ന്
text_fieldsതിരുവനന്തപുരം: സഞ്ജനക്ക് ഭൂമി വാഗ്ദാനം; വന്നത് കണ്ണൂരിൽ നിന്ന്. വാഗ്ദാനത്തിൽ സന്തോഷമുണ്ടെങ്കിലും ജനിച്ചുവളർന്ന വലിയതുറ പരിസരത്തെവിടെയെങ്കിലും ഭൂമി ലഭിച്ചിരുന്നെങ്കിലെന്നാണ് സഞ്ജനയുടെ ആഗ്രഹം. മത്സ്യത്തൊഴിലാളി കുടുംബമായതും ബന്ധുമിത്രാദികളെല്ലാം തിരുവനന്തപുരത്തായതുമാണ് അവരെ വിഷമത്തിലാക്കിയത്.
ഏറെ ദൂരെ മറ്റൊരു നാട്ടിലേക്ക് പറിച്ച് നടുന്നതിലും ആശങ്കാകുലരാണ്. സഞ്ജനയുടെ അമ്മ സൂസി വീടുപണി ചെയ്താണ് കുടുംബം പുലർത്തുന്നത്. പുതിയ നാട്ടിലേക്ക് മാറിയാൽ പുതിയ ജോലി കണ്ടെത്താനും ജീവിക്കാനും പ്രയാസമാകുമെന്നാണ് അമ്മയുടെയും കുഞ്ഞിന്റെയും പേടി. ‘ഏതൊ സാറ് വീടുണ്ടാക്കിത്തരാൻ തയാറായത് പറഞ്ഞപ്പോൾ മോൾക്ക് ഏറെ സന്തോഷ’മായെന്ന ആ അമ്മവാക്കിൽ ആശ്വാസം.
തന്നെയും കുട്ടികളെയും സഹായിക്കാൻ മറ്റാരെങ്കിലും തയാറാകുമെന്ന പ്രതീക്ഷയും ആ വാക്കിൽ തെളിഞ്ഞു. കടൽക്ഷോഭത്തിൽ വീട് നഷ്ടമായി അഭയം പ്രാപിച്ച വലിയതുറ ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പാണ് അമ്മയും രണ്ടു മക്കളുമടങ്ങുന്ന ആ കുടുംബത്തിന് വീട്. പത്തുവയസ്സുകാരി സഞ്ജനക്ക് വീടെന്നാൽ എന്തെന്നുപോലും അറിയില്ല. നാലാം വയസ്സ് മുതൽ ഈ ക്ലാസ് മുറിയാണ് അവൾക്ക് വീട്.
സഞ്ജനയുടെ അവസ്ഥ വ്യാഴാഴ്ച ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഭൂമിയുണ്ടെങ്കിൽ വീട് നിർമിച്ചുനൽകാൻ തയാറാണെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് കണ്ണൂർ ശ്രീകണ്ഠാപുരത്തുനിന്ന് ഭൂമി വാഗ്ദാനം വന്നത്. ശ്രീകണ്ഠാപുരം സ്വദേശി സാമൂഹിക പ്രവർത്തകൻ കെ.പി. റഷീദാണ് അഞ്ച് സെന്റ് ഭൂമി നൽകാൻ തയാറായത്.
പാവപ്പെട്ടവർക്ക് വീടിനായി സുമനസ്സുകൾ കൊടുത്ത ഭൂമിയിൽ നഗരസഭയുടെയും മറ്റും സഹകരണത്തോടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കണ്ണൂരിലായതിനാൽ കുടുംബത്തിന് നേരിടേണ്ടി വന്നേക്കാവുന്ന പ്രയാസത്തെ കുറിച്ചുള്ള ആശങ്ക അദ്ദേഹവും പങ്കുവെച്ചു. തിരുവനന്തപുരത്ത് ഭൂമി നൽകാൻ സന്നദ്ധതയുള്ള ആരെങ്കിലും ഉണ്ടാകട്ടെയെന്നാണ് പ്രാർഥനയെന്നും റഷീദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.