അട്ടപ്പാടിയിലെ മല്ലീശ്വരിയുടെ വിവാദ ഭൂമി: ആദിവാസികളുടേതാണെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷന് സമീപം മല്ലീശ്വരി ഷെഡ് കെട്ടി സമരം നടത്തുന്ന വിവാദ ഭൂമി ആദിവാസികളുടേതാണെന്ന് റിപ്പോർട്ട്. അഗളി വില്ലേജ് ഓഫിസർ 2022 ഡിസംബർ ഒമ്പതിനാണ് കറുപ്പസ്വാമി കൗണ്ടറുടെ പരാതിയിന്മേൽ അന്വേഷണം നടത്തി തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമം ഓൺലൈന് ലഭിച്ചു.
കറുപ്പ സ്വാമി അഗളി വില്ലേജിലെ 1129/2 എന്ന സർവേ നമ്പരിൽ 31.50 സന്റെ് ഭൂമിയുണ്ടെന്നും അതിന് നികുതി അടക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ സർവേ നമ്പർ 1129/2 ലെ അഞ്ച് ഏക്കർ 65 സെ ന്റ് (2.29 ഹെക്ടർ) ആദിവാസിയായ പോത്തയുടെ പേരിലുള്ള ഭൂമിയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വില്ലേജ് ഓഫിസറുടെ പ്രഥമിക അന്വേഷണത്തിൽ കറുപ്പസ്വാമി 13 പേർക്കായി 0.29 ഹെക്ടർ (71 സെ ന്റ്) ഭൂമി വിറ്റതായും കണ്ടെത്തി. എന്നാൽ, പരാതിക്കാരനായ കറുപ്പ സ്വാമിക്ക് 29 സെ ന്റ് മാത്രമേ ആധാരത്തിലുള്ളു. 13 പോർക്ക് ഭൂമി നൽകിയതിൽ പാലേരി മുഹമ്മദ് കുട്ടിക്ക് നൽകിയ 0.45 ഹെക്ടർ ഭൂമി തിരികെ എഴുതി വാങ്ങിയെന്നും കാണുന്നു. രാമസ്വാമിയെന്ന ആളിന് കറുപ്പ സ്വാമി 0.02 ഹെക്ടർ (അഞ്ച് സെ ന്റ്) കൈമാറ്റം ചെയ്തിരുന്നു. അതിൽ 0.008 ഹെക്ടർ ഭൂമിക്ക് ഭൂ നികുതി സ്വീകരിണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്.
വില്ലേജ് ഓഫീസിലെ എ ആൻഡ് ബി രജിസ്റ്റർ പ്രകാരം സർവേ നമ്പർ 1129 / 2 ലെ ഭൂമി ആദിവാസിയായ പോത്തയുടെ പേരിൽ സർവേ ചെയ്തിട്ടുള്ളതാണെന്ന് കണ്ടെത്തി. ഇക്കാര്യം തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്തു. അഞ്ച് ഏക്കർ 65 സെ ന്റ് (2.29 ഹെക്ടർ) ഭൂമിയാണ് പോത്തുയുടെ പേരിലുള്ളത്. എന്നാൽ, പോത്ത മരണപ്പെട്ടു. അദ്ദേഹത്തിന്റെ അവകാശികൾ തങ്ങളുടെ ഭൂമി വ്യാജരേഖ ചമച്ച പലരും കൈയേറിയതായി പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
നിലവിൽ ഭൂമി കൈയേറുവാൻ ചിലർ ശ്രമിക്കുന്നതായും കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആദിവാസികളുടെ പരാതിയിന്മേൽ നടപടികളൊന്നും ഉണ്ടായിട്ടില്ല. സർവേ നമ്പർ 1129/2 ലെ ഭൂമിയിൽ നികുതി സ്വീകരിക്കാനും കൈവശ സർട്ടിഫിക്കറ്റ് നൽകാനും ഓഫീസിലെ രേഖകൾ സൂക്ഷ്മ പരിശോധന നടത്തണം. അതിനാൽ പരാതിക്കാരൻ കറുപ്പസ്വാമി കൗണ്ടറുടെ പേരിൽ നിലവിൽ സർവ്വേ നമ്പർ 1129/ 2 ലെ ഭൂമിക്ക് നികുതി സ്വീകരിക്കാൻ നിർവാഹമില്ലെന്നായിരുന്നു റിപ്പോർട്ട്.
കറുപ്പ സ്വാമിയോട് നേരിട്ട് ഇക്കാര്യം ബോധ്യപ്പെടുത്തി. കറുപ്പ സ്വാമിയുടെ പേരിൽ ഭൂമിയൊന്നും ഈ സർവേ നമ്പരിൽ ഇല്ല. അതിനാൽ ഭൂമിക്ക് നികുതി സ്വീകരിക്കുവാനും കഴിയില്ല. എന്നാൽ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഓഫീസിൽ നിരന്തരമായി വന്നു ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയും ഭൂമി സംബന്ധമായ രേഖകൾ കൈക്കലാക്കാനുള്ള നടപടിയാണ് കറുപ്പസ്വാമി സ്വീകരിച്ചത്.
പരാതിക്കാരനായ കുപ്പുസ്വാമി കൗണ്ടറെ വിലക്കണമെന്നും റീസർവേ ചെയ്തിട്ടില്ലാത്ത അഗളി വില്ലേജിൽ ആദിവാസി ഭൂമി അനധികൃതമായി കൈമാറിയത് അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്നും വില്ലേജ് ഓഫിസർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.