ഭൂമി തരംമാറ്റ അപേക്ഷ; ഫീസ് സൗജന്യപരിധിയിൽ വരുന്നവ വേഗം തീർപ്പാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകളിൽ ഫീസ് സൗജന്യത്തിന്റെ പരിധിയിൽ വരുന്നവ വേഗത്തിൽ തീർപ്പാക്കാൻ റവന്യൂ ഡിവിഷനൽ ഓഫിസർമാരുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തുകൾ ജനുവരി 16ന് ആരംഭിച്ച് ഫെബ്രുവരി 27ന് പൂർത്തിയാക്കും. മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യൂ സെക്രട്ടേറിയറ്റിലാണ് തീരുമാനം.
പ്രത്യേക അദാലത്തുകളിലേക്ക് ഭൂവുടമകൾ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. ഫോറം ആറിൽ സമർപ്പിച്ച അപേക്ഷകളിൽ 25 സെന്റിന് താഴെ വിസ്തൃതിയുള്ളതും ഫീസ് അടയ്ക്കേണ്ടതില്ലാത്തുമായ അപേക്ഷകൾ പരിശോധിച്ച് തരംതിരിക്കാൻ യോഗം നിർദേശിച്ചു.
അടൂർ റവന്യൂ ഡിവിഷനിൽ ആദ്യ അദാലത് നടത്താനാണ് ധാരണ. 27 റവന്യൂ ഡിവിഷനുകളിലെയും തീയതികൾ പിന്നീട് ഉത്തരവായി ഇറങ്ങും. പിന്തുടർച്ചാവകാശം വഴിയോ വിൽപന വഴിയോ ഉടമസ്ഥത കൈമാറ്റം നടന്ന ഭൂമിയാണെങ്കിലും ആദ്യ ഭൂവുടമയുടെ പക്കൽ 25 സെന്റിൽ കൂടുതൽ ഭൂമിയാണ് ഉണ്ടായിരുന്നതെങ്കിലും സൗജന്യത്തിന്റെ പരിധിയിൽ വരില്ല.
ഇത് ഉറപ്പാക്കാനാണ് പരിശോധന. ഫോറം ആറിൽ 1.26 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഡിസംബർ 31 വരെ ലഭിക്കുന്ന അപേക്ഷകൾ അദാലത്തുകളുടെ പരിഗണനക്ക് വരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തരംമാറ്റ നടപടികൾ വേഗത്തിലാക്കാൻ ആർ.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫിസുകളിലായി ജൂനിയർ സൂപ്രണ്ട്, ക്ലർക്ക്, ടൈപിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിലുള്ള ആയിരത്തോളം ജീവനക്കാരുടെ പുനർവിന്യാസം പൂർത്തിയായോ എന്നത് ജില്ല കലക്ടർമാർ പരിശോധിച്ച് ഉറപ്പാക്കാനും യോഗം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.