വീടിനായി ഭൂമി തരംമാറ്റം: പ്രത്യേക നിർദേശം പുറപ്പെടുവിക്കും
text_fieldsതിരുവനന്തപുരം: ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയില്‍ സ്വന്തം ആവശ്യത്തിനായി 1291 ചതുരശ്ര അടി വരെ വീട് നിർമിക്കാന്‍ ഇളവ് ലഭ്യമാക്കിയത് സംബന്ധിച്ച് പ്രത്യേക നിർദേശം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇളവിനെക്കുറിച്ച് അറിയാതെ അപേക്ഷകര്‍ തരംമാറ്റത്തിനായി റവന്യൂ അധികാരികളെ സമീപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവ് സംബന്ധിച്ച് വ്യക്തതവരുത്തി പ്രത്യേക നിർദേശം പുറപ്പെടുവിക്കുക. ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാ അപേക്ഷകളും തീര്‍പ്പാക്കും.
നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രഖ്യാപനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ മറ്റൊരിടത്തും വീട് നിർമിക്കാന്‍ ഭൂമിയില്ലെങ്കില്‍ ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വീട് നിർമിക്കുന്നതിന് പഞ്ചായത്ത് പ്രദേശത്ത് 10 സെന്‍റും മുനിസിപ്പാലിറ്റി/ കോർപറേഷന്‍ പ്രദേശത്ത് അഞ്ച് സെന്‍റും നെല്‍വയല്‍ നികത്തി വീട് നിർമിക്കാന്‍ ഒറ്റത്തവണ അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഇതില്‍ നിലവിലെ നടപടിക്രമം ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യും. ഇതിനായി ഗ്രീന്‍ ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തും.
ഇത്തരം കേസുകളില്‍ വീട് നിർമിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടുന്നു എന്ന വ്യവസ്ഥ തടസ്സമാവില്ല. ഇതിനും പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജൽ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാറിനുമേല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വന്നുചേരുന്നത്. പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാനുള്ള ഈ പദ്ധതിയുടെ അടങ്കലിനുള്ള തുകയുടെ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കണ്ടെത്താൻ നിലവിലെ കടപരിധിയില്‍ ഇളവ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെലവുകളില്‍ മിതവ്യയം പാലിക്കാൻ വകുപ്പുകള്‍ക്ക് നേരത്തേ നിർദേശം നൽകി ഉത്തരവിറക്കിയിരുന്നു. ഇക്കാര്യങ്ങൾ നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.