എവിടെയും ഭൂമി രജിസ്ട്രേഷൻ; സ്വന്തം ഓഫിസിനെ കൈവിട്ടവർ 11,220
text_fieldsകോട്ടയം: ആധാരങ്ങൾ ഏത് സബ് രജിസ്ട്രാർ ഓഫിസിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന 'എനിവെയർ' സംവിധാനം എത്തിയതോടെ 'സ്വന്തം ഓഫിസിനെ' കൈവിട്ടത് 11,220 പേർ. സംസ്ഥാനത്ത് കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെയാണ് ഇത്രയുംപേർ പുതിയ സംവിധാനം പ്രയോജനപ്പെടുത്തി ഭൂഇടപാടുകൾ നടത്തിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പേർ സ്വന്തം പരിധിയിലെ രജിസ്ട്രേഷൻ ഓഫിസിനെ കൈവിട്ടത് -2013 ആധാരങ്ങളാണ് ഇവിടെ മറ്റിടങ്ങളിൽ നടത്തിയത്. മലപ്പുറമാണ് രണ്ടാമത് -1893 പേർ.
ആധാരത്തിലെ വസ്തു ഉൾപ്പെടുന്ന ഓഫിസ് പരിധിയിൽ മാത്രമേ നേരത്തേ രജിസ്ട്രേഷൻ അനുവദിച്ചിരുന്നുള്ളൂ. ഇത് മാറ്റിയാണ് ഭൂമിയുള്ള ജില്ലയിലെ ഏത് രജിസ്ട്രാർ ഓഫിസിലും ആധാരമെഴുത്ത് പൂർത്തിയാക്കാൻ കഴിയുന്ന 'എനിവെയർ' സംവിധാനത്തിന് തുടക്കമിട്ടത്. സർക്കാർ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അഴിമതിക്ക് തടയിടാനും ലക്ഷ്യമിട്ടായിരുന്നു പുതിയ സംവിധാനം. കോവിഡ് കാലത്ത് വിവിധ ഓഫിസ് പരിധികൾ കണ്ടെയ്ൻമെന്റ് സോണുകളായപ്പോൾ നിരവധിപേർ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടും ഇതിന് സ്വീകാര്യത കുറഞ്ഞിട്ടില്ലെന്ന് ഒരുവർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നു.
നേരത്തെ ജില്ല രജിസ്ട്രാർക്ക് ഏത് സ്ഥലത്തെയും ആധാരം രജിസ്റ്റർ ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. 'എനിവെയർ' എത്തിയതോടെ ഈ അധികാരം സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫിസുകൾക്കും കൈവന്നു. ചില രജിസ്ട്രാർ ഓഫിസുകളിൽ ഇടനിലക്കാർ പിടിമുറുക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. ഇത്തരം ഓഫിസുകൾ ഉപേക്ഷിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. തിരക്കുള്ള ഓഫിസുകളിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറാൻ കഴിയുന്നതിനൊപ്പം നിശ്ചിത എണ്ണം ആധാരം കഴിഞ്ഞുള്ള ടോക്കൺ തിരക്കില്ലാത്തിടത്തേക്ക് മാറ്റാനും ഇതിലൂടെ കഴിയും.
താൽപര്യമുള്ള സബ് രജിസ്ട്രാർ ഓഫിസിൽ ഭൂവുടമ നൽകുന്ന അപേക്ഷയിൽ ഓൺലൈനായാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. അപേക്ഷ ലഭിച്ചാൽ ഭൂമി സ്ഥിതിചെയ്യുന്ന സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് വിവരങ്ങൾ തേടും. നെൽവയൽ, തണ്ണീർത്തടം, പരിസ്ഥിതിലോല മേഖല എന്നിവയിലുൾപ്പെട്ട ഭൂമിയല്ലെന്ന് ഉറപ്പാക്കും.
'എനിവെയർ' സംവിധാനത്തിലുടെ ജില്ല അടിസ്ഥാനത്തിൽ നടന്ന രജിസ്ട്രേഷൻ
(17.02.21 മുതൽ 10.02.22
വരെയുള്ള കണക്ക്)
തിരുവനന്തപുരം 1594
കൊല്ലം 799
പത്തനംതിട്ട 274
ആലപ്പുഴ 406
കോട്ടയം 550
ഇടുക്കി 253
ഏറണാകുളം 783
തൃശൂർ 391
പാലക്കാട് 452
മലപ്പുറം 1893
കോഴിക്കോട് 863
വയനാട് 246
കണ്ണൂർ 2013
കാസർകോട് 703
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.