ഭൂനികുതി തടസ്സമില്ലാതെ സ്വീകരിക്കണം- ലാൻഡ് റവന്യൂ കമീഷണർ
text_fieldsതിരുവനന്തപുരം: നികുതി അടയ്ക്കാൻ അനുവദിക്കാത്തതിെൻറ പേരിൽ കർഷകൻ ആത്മഹത്യചെയ്ത സംഭവത്തിെൻറ പശ്ചാത്തലത്തിൽ വില്ലേജ് ഓഫിസുകളിൽ ഭൂനികുതി തടസ്സങ്ങളില്ലാതെ സ്വീകരിക്കണമെന്ന് നിർദേശിച്ച് ലാൻഡ് റവന്യൂ കമീഷണർ സർക്കുലറിറക്കി. ഇതനുസരിച്ച് സർക്കാർ ഭൂമി അല്ലാത്തതും ഒഴിപ്പിക്കൽ നടപടി നേരിടുന്നതല്ലാത്തതുമായ എല്ലാഭൂമിക്കും ഇനമോ തരമോ നോക്കാതെ കൈവശക്കാരനിൽനിന്ന് ഭൂനികുതി സ്വീകരിക്കണം. നേരത്തെ വില്ലേജ് ഓഫിസർമാർക്ക് നൽകിയ കർശനനിർദേശം നടപ്പാക്കുന്നതിൽ അലംഭാവം ഉണ്ടായതിനാലാണ് പുതിയ നിർദേശം നൽകിയത്.
സർവേ ചെയ്തിട്ടില്ലാത്ത ഭൂമിയിൽനിന്ന് താൽക്കാലികനികുതി സ്വീകരിക്കാം. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന നികുതിക്ക് അന്നുതന്നെ രസീത് നൽകണം. ഏതെങ്കിലും കാരണവശാൽ അന്നുതന്നെ രസീത് നൽകാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം നൽകണം. നികുതി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് രേഖപ്പെടുത്തി കൈവശക്കാരനെ അറിയിക്കണം.
ആക്ഷേപം തഹസിൽദാർ മുഖേന ബോധിപ്പിക്കാമെന്ന കാര്യവും അറിയിക്കണം. വിവരം വില്ലേജ് ഓഫിസർ തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യണം. തഹസിൽദാർ ഇത് പരിശോധിച്ച് തുടർനടപടി സ്വീകരിച്ച് കക്ഷികളെ വിവരം അറിയിക്കണം. വില്ലേജ് ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർമാർ മാസത്തിലൊരിക്കൽ തങ്ങളുടെ ചുമതലയിലുള്ള വില്ലേജുകളിൽ നിർബന്ധമായും നേരിട്ട് പരിശോധന നടത്തണം.
വില്ലേജിെൻറ ഭൂനികുതി സംബന്ധമായ പ്രവർത്തനം വിലയിരുത്തി തഹസിൽദാർമാർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഈ റിപ്പോർട്ടുകൾ തഹസിൽദാർ പരിശോധിച്ച് കലക്ടർക്ക് നൽകണം.
എല്ലാ താലൂക്കുകളിലും വില്ലേജ് ഓഫിസ് സംബന്ധിച്ച പരാതി പരിഹരിക്കുന്നതിന് പരാതിപ്പെട്ടി സ്ഥാപിക്കണം. ഇതിൽ 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണം.
ഡെപ്യൂട്ടി കലക്ടർമാരും ആർ. ഡി.ഒമാരും വില്ലേജ് ഓഫിസുകളിൽ മിന്നൽപരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകണം.
കലക്ടറേറ്റിലെ ആഭ്യന്തരപരിശോധന വിഭാഗം കാര്യക്ഷമമാക്കണം. ഭൂനികുതി സ്വീകരിക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് എല്ലാമാസവും എൽ.ആർ ഡെപ്യൂട്ടി കലക്ടർ അവലോകനയോഗം നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ട് എല്ലാമാസവും 10നകം ലാൻഡ് റവന്യൂ കമീഷണർക്ക് നൽകണം.
വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി രണ്ട് തവണയിൽ കൂടുതൽ വരാൻ ഇടയാക്കരുത്. ഈ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കും ചാർജുള്ള തഹസിൽദാർക്കുമെതിരെ കർശനനടപടിയെടുക്കുമെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.