ഭൂമി വിൽപന കേസിൽ കർദിനാൾ ആലഞ്ചേരിക്ക് ഇളവില്ല, നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിവാദമായ സിറോ മലബാർ സഭ ഭൂമി വിൽപന കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി. ആലഞ്ചേരിക്ക് ഇളവുകൾ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി ആലഞ്ചേരി സമർപ്പിച്ച ഹരജിയാണ് ഹൈകോടതിയുടെ പ്രതികരണം.
ഭൂമി വിൽപന കേസിൽ കർദിനാൾ ആലഞ്ചേരിയോട് നേരിട്ട് ഹാജരാകാൻ കഴിഞ്ഞ ജൂൺ 21നാണ് കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രജനി മോഹൻ ഉത്തരവിട്ടത്. അദ്ദേഹത്തിന് പുറമെ സഭയുടെ മുൻ പ്രോക്യുറേറ്ററായിരുന്ന ജോഷി പുതുവക്കും ഹാജരാകാൻ നിർദേശം നൽകിയിരുന്നു.
തൃക്കാക്കരയിലെ കരുണാലയം, ഭാരത മാത കോളജ് പരിസരങ്ങളിലെ ഭൂമിയുടെ വില്‍പനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഉത്തരവ്. കരുണാലയ പരിസരത്തെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ആറ് കേസും ഭാര മാത കോളജിന് സമീപത്തെ ഭൂമി സംബന്ധിച്ച് ഒരു കേസുമാണ് ഉള്ളത്.
വിൽക്കാൻ അനുമതിയില്ലാത്ത ഭൂമി വിൽപന നടത്തി, സാമ്പത്തിക നഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ കേസിലാണ് കോടതി നിർദേശം. കേസില്‍ ഭൂമി ഇടപാടിൽ ഇടനിലക്കാരനായ സാജു വര്‍ഗീസ് ഹാജരായി ജാമ്യം എടുത്തിരുന്നു.
നേരത്തേ മേയ് 16ന് ഹാജരാകാന്‍ നിർദേശിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി ആലഞ്ചേരി ഹരജി നൽകുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാൽ അത്യാവശ്യ യാത്രകൾ ചെയ്യേണ്ട സാഹചര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
അതേസമയം, കര്‍ദിനാളിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി സന്ദര്‍ശിക്കുന്നുണ്ടെന്നും വാദിഭാഗം കോടതിയെ അറിയിച്ചു. കോടതിയില്‍നിന്ന് നാല് കിലോമീറ്റര്‍ മാത്രം മാറിയാണ് അദ്ദേഹം താമസിക്കുന്നതെന്നും പരാതിക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.