വയനാട്ടിൽ വീണ്ടും ഭൂസമരം; മരിയനാട് എസ്റ്റേറ്റിൽ ആദിവാസി ഗോത്രമഹാ സഭയുടെ കുടിൽ കെട്ടി സമരം
text_fieldsവയനാട്: വയനാട്ടിൽ ആദിവാസി ഗോത്രമഹാ സഭയുടെ നേതൃത്വത്തിൽ ഭൂസമരം. വയനാട് സുൽത്താൻ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ കുടിൽ കെട്ടി സമരം ആരംഭിച്ചു. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് നൽകണമെന്ന മുദ്രാവാക്യമുയർത്തികൊണ്ടാണ് സമരം.
ഇരുളം മരിയനാട് എസ്റ്റേറ്റിൽ വനവികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 235 ഏക്കർ എസ്റ്റേറ്റിലാണ് ആദ്യഘട്ടത്തിൽ സമരം ആരംഭിച്ചത്. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്കടക്കം അർഹമായ ഭൂമി പതിച്ചു നൽകുന്നതിന് രണ്ട് പതിറ്റാണ്ടിനു ശേഷവും സർക്കാർ അലംഭാവം തുടരുന്നുവെന്നും ഇതാണ് സമരത്തിനിറങ്ങാൻ ഇടയാക്കിയതെന്നും സമരത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞു.
മുത്തങ്ങ തങ്ങളെ ഭയപ്പെടുത്തുന്നില്ല. മരണം വരെ സമരം തുടരും. ഞങ്ങൾക്ക് എവിടെയെങ്കിലും ജീവിക്കണ്ടേ. മക്കൾക്ക് ജീവിക്കണ്ടേ. കുറച്ച് മണ്ണ് മാത്രമാണ് ആവശ്യം. പൊലീസ് വന്നോട്ടെ ഭയമില്ല. പേടിയൊക്കെ പണ്ടായിരുന്നുവെന്നും സമരത്തിനിറങ്ങിയ ആദിവാസി സ്ത്രീകൾ അടക്കമുള്ളവർ പറഞ്ഞു.
വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇരുളം ഭൂസമര സമിതിയും ആദിവാസി ഗോത്രമഹാ സഭയും അടക്കമുള്ള സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.