ഭൂമിയിടപാട് ക്രമക്കേട്: ആർച് ബിഷപ് വ്യവസ്ഥകൾ പാലിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഭേദഗതി ചെയ്ത ജാമ്യ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എറണാകുളം-അങ്കമാലി അതിരൂപത ആർച് ബിഷപ് ജോർജ് ആലഞ്ചേരി വീണ്ടും കോടതിയിൽ ഹാജരായി ജാമ്യബോണ്ട് സമർപ്പിക്കേണ്ടതില്ലെന്ന് ഹൈകോടതി. അതേസമയം, ജാമ്യ ഉത്തരവിലെ വ്യവസ്ഥകൾ പാലിക്കാൻ കർദിനാൾ ബാധ്യസ്ഥനാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഭൂമിയിടപാട് സംഭവത്തിൽ ക്രമക്കേടുണ്ടെന്ന കേസുകളിൽ കർദിനാളിന് ജാമ്യം അനുവദിച്ച ആദ്യ ഉത്തരവിൽ ഭേദഗതി വരുത്തിയതിനാൽ വീണ്ടും കോടതിയിൽ ഹാജരായി ജാമ്യബോണ്ട് നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമിയിടപാടിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകിയ ജോഷി വർഗീസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ ആദ്യ ഉത്തരവ് ഭേദഗതി വരുത്തിയാണ് രണ്ടാമത്തെ ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം അനുവദിച്ച ആദ്യ ഉത്തരവിൽ ജാമ്യ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ട് വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് വീണ്ടും ഉത്തരവിറക്കിയത്. മജിസ്ട്രേറ്റ് കോടതിയുടെ ആദ്യ ഉത്തരവിന്റെ തുടർച്ചയാണ് ഭേദഗതി വരുത്തിയുള്ള രണ്ടാമത്തെ ഉത്തരവെന്നും അതിനാൽ കർദിനാൾ വീണ്ടും ഹാജരായി പുതിയ ജാമ്യപത്രം സമർപ്പിക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തുകയായിരുന്നു. അതേസമയം, ജാമ്യ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.