പരാതിപ്രളയത്തിൽ ന്യായവില; ഭൂമി കൈമാറ്റത്തിന് ചെലവേറും
text_fieldsതിരുവനന്തപുരം: ഭൂമി കൈമാറ്റ രജിസ്ട്രേഷന് വെള്ളിയാഴ്ച മുതല്‍ ചെലവേറും. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായാണ് ചെലവ് കൂടുന്നത്. ഭൂമിയുടെ ന്യായവില പത്ത് ശതമാനം ഉയർത്തി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 12 വർഷത്തിനിടയിലെ ന്യായവില വർധന 120 ശതമാനത്തിലേറെയായി.
അടിസ്ഥാന ന്യായവില രജിസ്റ്റര്‍ 2010 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്നതാണ്. അതില്‍ 10,00,000 രൂപ വില നിശ്ചയിച്ചത് ഇനി 22,00,000 രൂപയാണ്. മാര്‍ച്ച് 31 വരെ 20, 00, 000 രൂപയായിരുന്നപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി രണ്ട് ലക്ഷമാണ് വേണ്ടിയിരുന്നത്. ന്യായവില രണ്ടുലക്ഷം രൂപ കൂടുന്നതോടെ വിലയാധാരങ്ങള്‍ക്ക് 20,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ കൂടും. ഇഷ്ടദാനം, ധനനിശ്ചയം ആധാരങ്ങള്‍ക്ക് 24,000 രൂപ ആയിരുന്നത് 26,400 രൂപയാകും.
നോട്ട് നിരോധനം, കോവിഡ്, റബർ വിലയിടവ് തുടങ്ങിയ പ്രതിസന്ധികള്‍ കാരണം ഭൂമി വിലയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഹൈവേ, ജങ്ഷനുകള്‍, റോഡ് സൈഡിലെ ഭൂമി, വീട് നിർമിക്കുന്നതിനുള്ള ഭൂമി ഇവയ്ക്ക് വില കൂടി. എന്നാല്‍ റബര്‍ പ്ലാന്‍റേഷന്‍ ഉള്‍പ്പെടെ കൃഷി ഭൂമി വാങ്ങാന്‍ ആളില്ലാത്തതിനാൽ വില ഗണ്യമായി കുറഞ്ഞു. എന്നാൽ ഭൂമിയുടെ ക്ലാസിഫിക്കേഷൻ ഇപ്പോഴും പത്ത് വർഷം മുമ്പത്തെ അവസ്ഥയിലാണ്. 2010ലെ ന്യായവില പട്ടികയിൽ വാഹന ഗതാഗത സൗകര്യമില്ലാത്ത വസ്തുവിന് ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നത് ഇപ്പോൾ 2,20,000 രൂപയായി. വില ഇരട്ടിയിലേറെയായെങ്കിലും ക്ലാസിഫിക്കേഷൻ വാഹന ഗതാഗത സൗകര്യമില്ലെന്ന പട്ടികയിലാണ്. ഇപ്പോള്‍ ഈ ഭൂമിയില്‍ റോഡുണ്ടെങ്കില്‍ സമീപത്ത് റോഡുള്ള വസ്തുവിന് നിശ്ചയിച്ച വില അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തണമെന്നാണ് നിർദേശം.
ന്യായവില പലഘട്ടങ്ങളിലായി കൂട്ടിയപ്പോൾ കുറ്റമറ്റ രീതിയിൽ ഭൂമിയുടെ ക്ലാസിഫിക്കേഷൻ നിശ്ചയിക്കാത്തത് രജിസ്റ്ററിങ് ഉദ്യോഗസ്ഥർക്ക് ചാകരയാകുകയാണ്.
ഹൈവേ റോഡിന് മുന്നിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഒരുപോലെയാണ് ന്യായവില കൂട്ടിയത്. ഹൈവേയിലും പട്ടണങ്ങളിലും ഭൂമിക്ക് വിപണിവില വർധിച്ചെങ്കിലും ഗ്രാമങ്ങളിലെ ഭൂമിക്ക് വില കുറയുകയാണുണ്ടായത്.
ന്യായവിലയിൽ തെറ്റുകളുടെ പരമ്പരയാണ്. ഭൂനികുതി അടയ്ക്കുന്നതും അവകാശ രേഖകളെല്ലാം ഉള്ളതും ബാങ്കില്‍ ഈട്വെച്ച് വായ്പ എടുത്തിരിക്കുന്ന സ്വകാര്യ ഭൂമിവരെ സർക്കാർ ഭൂമിയെന്ന് ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുകാരണം മക്കൾക്കുപോലും വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്തുകൊടുക്കാനും അടിയന്തര ആവശ്യങ്ങള്‍ക്കുപോലും വിൽക്കാനും കഴിയാത്ത നിരവധി കുടുംബങ്ങളുണ്ട്.
ന്യായവില പുതുക്കി നിശ്ചയിക്കാൻ ഒന്നാം പിണറായി സര്‍ക്കാര്‍ പദ്ധതി തയാറാക്കിയെങ്കിലും പാളി. വ്യാപക തെറ്റുകളുടെയും പരാതികളുടെയും പരമ്പരയായ നിലവിലെ ന്യായവില രജിസ്റ്റർ പൂർണമായും മാറ്റി പുതിയ വില നിശ്ചയിക്കാനായിരുന്നു തീരുമാനം. ഒരേ റോഡ് വിവിധ വില്ലേജുകളുടെ അതിർത്തി പങ്കിടുമ്പോൾ വളരെ വ്യതസ്തമായ നിരക്കിലാണ് വില നിശ്ചയിക്കുന്നത്. ഇതിന് പരിഹാരം കാണാനും ഏകീകൃതമായും ഭൂമിയുടെ ക്ലാസിഫേക്കേഷൻ അനുസരിച്ചും വില നിശ്ചയിക്കാനായിരുന്നു ആലോചന. മിക്ക വില്ലേജിലും പൂർണമായും ന്യായവില നിശ്ചയിച്ചിട്ടില്ല. പലയിടത്തും നൂറുകണക്കിന് സർവേ നമ്പറുകൾ ന്യായവില പട്ടികയിൽ കാണാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.