Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാരിന്റെ വിവിധ...

സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉപയോഗത്തിലില്ലാത്ത ഭൂമി അതിദാരിദ്ര്യലുള്ളവരുടെ ഭവന നിർമാണത്തിന്

text_fields
bookmark_border
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉപയോഗത്തിലില്ലാത്ത ഭൂമി അതിദാരിദ്ര്യലുള്ളവരുടെ ഭവന നിർമാണത്തിന്
cancel

കോഴിക്കോട് : സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉപയോഗത്തിലില്ലാത്ത ഭൂമി അതിദാരിദ്ര്യലുള്ളവരുടെ ഭവന നിർമാണത്തിന് ഏറ്റെടുക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. പഞ്ചായത്തിൽ രണ്ട് ഏക്കർ, മുനിസിപ്പാലിറ്റിയിൽ ഒരു ഏക്കർ, കോർപ്പറേഷനിൽ അമ്പതു സെന്റ് എന്ന പരിധിക്കുള്ളിൽ വകുപ്പുകളുടെ അനുമതി (എൻ.ഒസി) കൂടാതെ തന്നെ ഏറ്റെടുക്കുന്നതിനും ഭൂപതിവു സംബന്ധിച്ച നിലവിലെ വ്യവസ്ഥകൾക്കു വിധേയമായി പതിച്ചു നൽകാനും കലക്ടർമാർക്ക് അധികാരം നൽകിയാണ് ഉത്തരവ്.

വിവിധ വകുപ്പുകളുടെ നിലവിൽ ഉപയോഗത്തിലില്ലാത്തതും ഭാവിയിൽ ഉപയോഗിക്കാൻ സാധ്യതയില്ലാത്തതുമായ ഭൂമിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്ക് ഭവന നിർമാണത്തിനായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നത്.

സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതും ആൾ താമസമില്ലാതെ കിടക്കുന്നതുമായ എല്ലാ ഫ്ലാറ്റുകളും വസ്തുവും വീടും ആവശ്യമുള്ള അതിദരിദ്രർക്ക് കൈമാറുന്നതിനും കലക്ടർമാർക്ക് അനുമതി നൽകി. ഇതു സംബന്ധിച്ച് കലക്ടർമാർ ജില്ലാ തലത്തിലെ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഏപ്രിൽ മാസത്തോടെ നടപടികൾ പൂർത്തീകരിക്കണം.

സംസ്ഥാനത്ത് മുമ്പ് നടപ്പിലാക്കിയ ദാരിദ്ര്യ നിർമാർജന പദ്ധതികളിൽ വിവിധ കാരണങ്ങളാൽ ഒഴിവായിപ്പോയവരും നിലവിൽ അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ പോലും ശേഷിയില്ലാതെ പൊതുസമൂഹത്തിൻറെ ശ്രദ്ധയിൽപ്പെടാതെ അതിതീവ്ര ദാരിദ്രം അനുഭവിക്കുന്നവരെയും കണ്ടെത്തി അഞ്ചു വർഷം കൊണ്ട് അവരുടെ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2021ൽ ആരംഭിച്ചതാണ്. അതിന്റെ ഭാഗമാണ് ഈ പുതിയ നീക്കം.

2025 നവംബറോടെ സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനം പൂർത്തിയാക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. തദ്ദേശ സ്ഥാപന തലത്തിലും ഡിവിഷൻ വാർഡ് തലങ്ങളിലും സാമൂഹിക സംഘടനകൾ വിഷയമേഖല വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ച് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ വഴി അതിദരിദ്രരുടെ പ്രാഥമിക പട്ടിക തയാറാക്കി. പിന്നീട് വിശദമായ വിവരശേഖരണവും നടത്തി.

തുടർന്ന് കുടുംബങ്ങളെ സംബന്ധിച്ച ഡാറ്റാ പരിശോധന നടത്തി കുറ്റമറ്റതാക്കി. ഓരോ തദ്ദേശസ്ഥാപനത്തിൻറെയും ഗ്രാമ-വാർഡ് സഭകളുടെയും തദ്ദേശ സ്ഥാപനത്തിന്റെ അംഗീകാരത്തോടെയാണ് അന്തിമ പട്ടിക തയാറാക്കിയത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 64,006 കുടുംബങ്ങളെ ഈ പദ്ധതിയുടെ സഹായം ആവശ്യമുള്ളവരായി കണ്ടെത്തി.

അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട വീടും സ്ഥലവും ആവശ്യമുള്ളവരിൽ ഇനി ഭൂമി ലഭിക്കാൻ ബാക്കിയുള്ളത് 2991 കുടുംബങ്ങളാണ്. ഭൂമിയുടെ ലഭ്യത പദ്ധതി പൂർത്തീകരണത്തിന് വെല്ലുവിളിയാണെന്നും, അതിനാൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്കു ഭൂമി കണ്ടെത്താൻ ശുപാർശകൾ പരിഗണിക്കണമെന്നും തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ അറിയിരുന്നു.

ജില്ലയിൽ ഇതര വകുപ്പുകളുടെ ഉടമസ്ഥതയിൽ ലഭ്യമായതും നാളുകളായി ഉപയോഗ്യശൂന്യമായി തുടരുന്നതുമായ ഭൂമികൾ അതിദരിദ്രർക്ക് നൽകുന്നതിന് പര്യാപ്തമാണെന്ന് കണ്ടെത്തി. ഭൂരഹിതരും ഭവനരഹിതരുമായ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഭൂമി പതിവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി പതിച്ച് നൽകുന്നതിന് കലക്ടർമാരെ അധികാരപ്പെടുത്തിയാണ് ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landhousing constructionextremely poor families
News Summary - Land unused by various government departments to be used for housing construction for the extremely poor
Next Story