നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കും- മന്ത്രി
text_fieldsതിരുവനന്തപുരം: ചൂരൽമല പുനരധിവാസ ഭൂമിയുമായി ബന്ധപ്പെട്ട കോടതിവിധി മനുഷ്യന്റെ ഹൃദയം അറിഞ്ഞ ഒന്നാണെന്ന് മന്ത്രി കെ. രാജൻ. വയനാട്ടിലെ ആകാശത്തുണ്ടായ ആശങ്കയുടെ കാർമേഘമാണ് കോടതി വിധിയോടെ ഒഴിഞ്ഞത്. ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കൽ-പുനരധിവാസ നിയമപ്രകാരം നൽകുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
പുനരധിവാസം സംബന്ധിച്ച് ഒരുവിധ വൈകലും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. എൽ.എ.ആർ.ആർ നിയമപ്രകാരമേ ദുരന്തബാധിതർക്കായി ഭൂമി ഏറ്റെടുക്കാൻ കഴിയൂ. അതിൽ പറയുന്ന നഷ്ടപരിഹാരത്തുക പൂർണമായും നൽകുകയും വേണം.
നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുമ്പോഴേക്കും കാലതാമസം വരുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം കൂടി ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്. മുൻകൂറായി ഭൂമി ഏറ്റെടുക്കൽ നടത്തുമ്പോൾ പണം കിട്ടാതെ വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ കോടതിയെ സമീപിച്ചത്.
ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര പഠന സംഘത്തിന്റെ റിപ്പോർട്ടനുസരിച്ച് ഒമ്പത് കേന്ദ്രങ്ങൾ സുരക്ഷിത വാസയോഗ്യമായി കണ്ടെത്തി. ദുരന്തബാധിതരുടെയും വയനാട്ടെ സർവകക്ഷി യോഗത്തിന്റെയും അഭിപ്രായമനുസരിച്ച് മേപ്പാടിയോട് ചേർന്ന നെടുമ്പാല, എൽസ്ട്രോൺ എസ്റ്റേറ്റുകളാണ് ഇതിനായി സർക്കാർ നിശ്ചയിച്ചത്.
ശേഷിക്കുന്നവരെ എല്ലാം ഒരിടത്ത് താമസിപ്പിക്കണമെന്ന അവരുടെ ആഗ്രഹം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുനരധിവാസപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിനായുള്ള നടപടികൾക്ക് പ്രത്യേക മന്ത്രിസഭാ യോഗം നേരത്തേ തന്നെ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.
എം.ടിയുടെ വേർപാടിനെ തുടർന്ന് മാറ്റിവെച്ച മന്ത്രിസഭായോഗം അടുത്ത ദിവസം ചേർന്ന് മറ്റ് തുടർനടപടികൾ തീരുമാനിക്കും. പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ വീട്, ഭൂമി സ്പോൺസർമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തബാധിതരുടെ ആദ്യ പട്ടിക ഇതിനകം വയനാട് കലക്ടറും ജില്ല പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടുന്ന ഡി.ഡി.എം.എ പരിശോധിച്ച് പുറത്തുവിട്ടിരുന്നു. ഇതിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശിക്കാൻ 15 പ്രവർത്തിദിനങ്ങളും അനുവദിച്ചിട്ടുണ്ട്.
ജനുവരിയിൽ പൂർത്തിയാക്കുന്ന രണ്ടാംഘട്ട പട്ടികയിൽ അർഹരായ മുഴുവൻ ആളുകൾ മാത്രമല്ല, തകർന്ന ലയങ്ങളിൽ താമസിച്ചിരുന്നവരും ഉൾപ്പെടുമെന്നും കെ. രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.