സി.പി.ഡബ്ല്യു.ഡി നിരക്കിൽ സ്റ്റമ്പ് ഡ്യൂട്ടിക്ക് നിർദേശം; കെട്ടിടമുള്ള ഭൂമി കൈമാറ്റ രജിസ്ട്രേഷന് പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിക്ക് 2860 രൂപ നിരക്കില്‍ വില നിശ്ചയിച്ച് 10 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി നല്കാൻ രജിസ്ട്രേഷന് വകുപ്പ് നിഷ്കർഷിക്കുന്നതോടെ കെട്ടിടമുള്ള ഭൂമി കൈമാറ്റ രജിസ്ട്രേഷന് പ്രതിസന്ധിയില്‍. 1300 രൂപ നിരക്കില്‍ വരെ കെട്ടിടങ്ങള്‍ നിർമിച്ചുനല്‍കുന്ന കരാറുകാര്‍ ഉള്ളപ്പോഴാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ (സി.പി.ഡബ്ല്യു.ഡി) കൂട്ടുപിടിച്ച് രജിസ്ട്രേഷന് വകുപ്പിന്റെ നിർദേശം.
ഭൂമിക്ക് സർവേ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ന്യായവില നിശ്ചയിച്ചത് റവന്യൂവകുപ്പാണ്. കൈമാറ്റം ചെയ്യുന്ന വസ്തുവിലെ കെട്ടിടങ്ങള്‍ക്ക് വില നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം അംഗീകൃത എൻജിനീയർമാര്‍ക്കാണ്. കെട്ടിടപരിശോധന നടത്തിയാണ് എൻജിനീയര്‍ സര്‍ട്ടിഫിക്കറ്റ് നൽകുക. ഇത് വെട്ടിയാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ വില നിശ്ചയിക്കുന്നത്.
രജിസ്റ്റർ ചെയ്ത ഭൂമിക്കും കെട്ടിടത്തിനും വില കുറഞ്ഞുപോയെന്ന് കാട്ടി അണ്ടര്‍വാല്യുവേഷന്‍ നോട്ടീസ് അയക്കുന്നത് സബ് രജിസ്ട്രാർമാരാണ്. കൈമാറ്റം ചെയ്ത സ്ഥലമോ ചിത്രം പോലുമോ കാണാതെയാണ് അണ്ടര്‍വാല്യുവേഷന്‍ നോട്ടീസ് അയക്കുന്നതെന്നാണ് ആക്ഷേപം. അണ്ടര്‍ വാല്യുവേഷന് നോട്ടീസുകള്‍ക്ക് പണം അടക്കാതെ വന്നതോടെയാണ് രജിസ്ട്രേഷന് വകുപ്പിന്റെ പുതിയ തന്ത്രം. കണ്ണൂര്‍ കടന്നപ്പള്ളി വില്ലേജിലെ പാണപുഴ കളത്തിപറമ്പില്‍ സെബാസ്റ്റ്യന്‍ ആന്റണി എറണാകുളം ജില്ലയിലെ തെക്കേവാഴക്കുളം പഞ്ചായത്തില്‍ സ്വകാര്യവഴി സൗകര്യമുള്ള 3.8 സെന്റ് സ്ഥലവും പണി പൂര്‍ത്തിയാക്കാത്ത 1450ചതുരശ്രഅടി കെട്ടിടവും കൂടി 27,98,000 രൂപക്ക് വില സമ്മതിച്ച് ഭൂവുടമക്ക് ബാങ്ക് മുഖേന പണം കൈമാറി.
ചതുരശ്രഅടിക്ക് 1500 രൂപ നിരക്കിൽ എ ഗ്രേഡ് എൻജിനീയര്‍ കെട്ടിടത്തിന് 21,75,000 രൂപ വില നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റും നല്കി. ആധാരം തയാറാക്കി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസുമായി 2,80,000 രൂപ അടച്ച് രജിസ്ട്രേഷനായി പെരുമ്പാവൂര്‍ സബ് രജിസ്ട്രാർ ഓഫിസില്‍ എത്തി. എന്നാല്‍, 617 രൂപ കെട്ടിടനികുതി അടക്കുന്ന കെട്ടിടത്തിന് ചതുരശ്ര അടിക്ക് 2860 രൂപ നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചാലേ രജിസ്ട്രേഷന് നടക്കൂ എന്ന് കത്ത് നൽകി സബ് രജിസ്ട്രാര്‍ മടക്കി അയച്ചു. ഇതോടെ ഭൂവുടമ എറണാകുളം വെങ്ങോല സ്വദേശി അശ്വതി മാത്യുവും കെട്ടിടം വാങ്ങാൻ പണം കൈമാറിയ സെബാസ്റ്റ്യന്‍ ആന്റണിയും വെട്ടിലായി.
സ്ഥലം സന്ദര്‍ശിച്ച് പരിശോധിച്ച എൻജിനീയര്‍ കെട്ടിടത്തിന് നിര്‍ണയിച്ച വില 21.75 ലക്ഷം രൂപയാണെങ്കിൽ സ്ഥലമോ കെട്ടിടമോ കാണാത്ത സബ് രജിസ്ട്രാര്‍ നിശ്ചയിച്ചത് 41.47 ലക്ഷം രൂപയാണ്. 1,97,200 രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയിൽ അധികമായി വേണ്ടിവരുന്നത്. സംസ്ഥാന വ്യാപകമായി ഇത് വൻ പ്രതിസന്ധിയാവും സൃഷ്ടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.