വയനാട് മക്കിമലയില്‍ കുഴിബോംബ് കണ്ടെത്തി
text_fieldsമാനന്തവാടി: മാവോവാദികളുടെ സജീവ സാന്നിധ്യമുള്ള വയനാട് തലപ്പുഴ മക്കിമലയില്‍ കുഴിബോംബ് കണ്ടെത്തി. മക്കിമലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൊടക്കാട് വനമേഖലയിലാണ് ബോംബ് കണ്ടെത്തിയത്. വനംവകുപ്പ് വാച്ചര്‍മാര്‍ വന്യമൃഗശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി പരിശോധിക്കുന്നതിനിടെയാണ് നീളമുള്ള കേബിള്‍ വയര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുഴിച്ച് നോക്കുന്നതിനിടയില്‍ ഫ്യൂസും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത്.
തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിർമ്മിച്ചതാണെന്ന് ഉപകരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാവോവാദി വേട്ട ക്കായി തണ്ടര്‍ബോള്‍ട്ട് സ്ഥിരമായി സഞ്ചരിക്കുന്ന പാതയിലാണ് ഇവ കണ്ടെത്തിയത്. കൂടുതല്‍ ബോംബ് ഉള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങള്‍ ഉണ്ടെന്ന സംശയത്തിനാല്‍ വനം വകുപ്പ് പൊലീസിൻ്റെ ബോംബ് സ്വാ ക്വാഡിന്റെ സഹായം തേടി.വിവരമറിഞ്ഞ് മാനന്തവാടി ഡി.വൈ.എസ്.പി പി ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 2012ല്‍ കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വയനാട്ടിലാണ് ആദ്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇതുവരെ ഇത്തരത്തില്‍ ബോംബ് കുഴിച്ചിട്ട് കണ്ടെത്തിയത് ആദ്യമാണ്. ഇന്ത്യയില്‍ ഛത്തിസ്ഗഢ്, ജാര്‍ഗണ്ഡ്, തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങിലങ്ങില്‍ മാത്രമാണ് ഇത്തരത്തിൽ ആക്രമണത്തിന് കുഴിബോംബ് ഉപയോഗിച്ചിരുന്നത്.. കേരളത്തില്‍ കുഴിബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസും, ആഭ്യന്തരവകുപ്പും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധന നടന്നേക്കും. അതേ സമയം പ്രതികൂല കാലാവസ്ഥ പരിശോധന കളെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.