ഉരുള്‍പൊട്ടലില്‍ കാണാതായത് 225 പേരെന്ന് ഔദ്യോഗിക കണക്ക്; മരണം 200 കടന്നു
text_fieldsകൽപറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നടന്ന ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 205 ആയി. കാണാതായത് 225 പേരെയാണെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് വിവരം പുറത്തുവിട്ടത്. ഇതോടെ മരണസംഖ്യ ഇനിയും ഏറെ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാണ്. 191 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മേഖലയിൽ സൈന്യവും ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പൊലീസും സന്നദ്ധപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്.
മരിച്ച 89 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ബുധനാഴ്ച മാത്രം 15 മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇവയിൽ പലതും തിരിച്ചറിയാനാവാത്ത നിലയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. കൂറ്റന്‍ പാറക്കല്ലുകള്‍ക്കടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
കോണ്‍ക്രീറ്റ് കട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തതയും നേരിടുന്നുണ്ട്. ദുരന്തബാധിതമേഖലയില്‍നിന്ന് രക്ഷപ്പെടുത്തിയവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഴായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടിയിലെ എട്ട് ക്യാമ്പുകളില്‍ മാത്രം ആയിരത്തിലധികം പേരുണ്ട്.
അതേസമയം, മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികൾ കയർത്തു. മേപ്പാടിയിൽനിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി. ശിവൻകുട്ടി, വി. അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ കയർത്തത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞെന്നാരോപിച്ചായിരുന്നു വാക്കേറ്റം.
ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. ഒൻപതു മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതൽ ഫൊറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.