ഉരുൾ ദുരന്തം: വായ്പ എഴുതിത്തള്ളുന്നത് കേന്ദ്രം പരിഗണിക്കണം -ഹൈകോടതി
text_fieldsകൊച്ചി: വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകൾ ദുരന്തനിവാരണ നിയമ പ്രകാരം എഴുതിത്തള്ളുന്നത് കേന്ദ്ര സർക്കാറും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും പരിഗണിക്കണമെന്ന് ഹൈകോടതി.
എഴുതി തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാൻ റിസർവ് ബാങ്കിന് അധികാരമില്ലെങ്കിലും ദുരന്ത നിവാരണ നിയമത്തിലെ 13 -ാം വകുപ്പ് പ്രകാരം പരിഗണിക്കാത്തതിലൂടെ കേന്ദ്രവും അതോറിറ്റിയും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വിലയിരുത്തി.
കോവിഡ് കാലത്ത് പോലും ചെയ്തിട്ടില്ലാത്ത വായ്പ എഴുതിത്തള്ളൽ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കാര്യത്തിലും സാധ്യമല്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ മറുപടി.
വായ്പകൾ എഴുതിത്തള്ളാനാവില്ലെന്നും മൊറട്ടോറിയം ഏർപ്പെടുത്താമെന്നുമാണ് കേന്ദ്രം അറിയിച്ചത്. മറ്റുള്ളവരുടെ നിക്ഷേപങ്ങളാണ് ബാങ്കിലുള്ളതെന്നതിനാൽ എഴുതിത്തള്ളാൻ റിസർവ് ബാങ്കിന്റെ മാർഗ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ വായ്പാ പുനക്രമീകരണമാണ് പ്രായോഗികമെന്നും അഡീ. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ വിശദീകരണത്തെ തുടർന്ന് കോവിഡ് പോലെയല്ല വയനാട്ടിലെ സാഹചര്യമെന്നും ദുരന്തബാധിതരുടെ വീടും സ്വത്തുക്കളും ഒഴുകിപ്പോയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വായ്പ നൽകിയ ഭൂരിഭാഗം ബാങ്കുകളും ഷൈലോക്കിയൻ രീതി സ്വീകരിച്ചപ്പോൾ ക്ഷേമരാഷ്ട്രത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ സർവതും നഷ്ടപ്പെട്ട ദുരന്തബാധിതരുടെ സഹായത്തിന് കേന്ദ്ര സർക്കാർ വരുമെന്നാണ് പ്രതീക്ഷിച്ചത്.
തീവ്ര ദുരന്തമാണെന്ന് കേന്ദ്രം തന്നെ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ ദുരന്ത നിവാരണ നിയമം പരിഗണിച്ച് നടപടി സ്വീകരിക്കണം. കേരള ബാങ്ക് 4.98 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വായ്പകൾക്ക് മൊറട്ടോറിയം നൽകുന്നതിനെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിച്ചുവെന്ന കേന്ദ്ര സർക്കാർ വാദം സംസ്ഥാനം തള്ളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.