ഉരുൾ ദുരന്തം: ടൗൺഷിപ്പിന് സന്നദ്ധത അറിയിച്ചത് 25 പേർ മാത്രം
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസ ടൗൺഷിപ് പദ്ധതിക്ക് സന്നദ്ധത അറിയിച്ചത് 25 പേർ മാത്രം. ടൗൺഷിപ്പിൽ വീട് വേണോ അതോ 15 ലക്ഷം ധനസഹായം വേണോ എന്ന് തീരുമാനിക്കാൻ അതിജീവിതർ നൽകുന്ന സമ്മതപത്രവുമായി ബന്ധപ്പെട്ട് വൻ ആശങ്കയാണ് നിലനിൽക്കുന്നത്. ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിൽ ഇടംപിടിച്ച മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 199 പേരെ വ്യാഴാഴ്ച വരെ കലക്ടർ നേരിട്ട് കേട്ടിരുന്നു. എന്നാൽ, വെള്ളിയാഴ്ച വരെ ആകെ 28 പേരാണ് സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയത്. മൂന്നുപേർ ടൗൺഷിപ്പിൽ വീട് വേണ്ടെന്നും 15 ലക്ഷം ധനസഹായം വേണമെന്നും അറിയിച്ചു. മാർച്ച് 24 വരെയാണ് സമ്മതപത്രം നൽകാനുള്ള അവസരം.
അതേസമയം, സമ്മതപത്രത്തിലെ ചില നിബന്ധനകൾ സംബന്ധിച്ച് റവന്യൂ മന്ത്രി കെ. രാജനും അവ്യക്തതയാണുള്ളത്. ദുരന്തബാധിത പ്രദേശത്ത് അനുഭവിച്ചുവന്ന ഭൂമിയും വീടുകളും സ്ഥാപനങ്ങളും മറ്റു ചമയങ്ങളും സ്വമേധയാ ഒഴിയുമെന്നും കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുമാറ്റപ്പെടേണ്ടവയാണെന്നുമുള്ള നിബന്ധനയാണ് ആശങ്കയുണ്ടാക്കുന്നത്. വീടിന് മാത്രമാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായവും പകരം വീടും നല്‍കുക. ഭൂമിയുടെ നഷ്ടപരിഹാരമോ മറ്റോ സംബന്ധിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ല. എന്നിട്ടും ഭൂമി ഒഴിയണമെന്നാണ് സമ്മതപത്രത്തിലുള്ളത്. ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ നിബന്ധന വായിച്ചിട്ടില്ലെന്നും പ്രശ്നമുണ്ടെങ്കിൽ തിരുത്താമെന്നുമാണ് മന്ത്രി ആദ്യം പ്രതികരിച്ചത്.
പ്രദേശത്ത് നിലവിലുള്ള നശിക്കാത്തതും നശിച്ചതുമായ കൃഷിയിടങ്ങളിലും ദുരന്തബാധിതര്‍ക്ക് അവകാശമുണ്ടാകില്ലെന്ന തരത്തിലാണ് സമ്മതപത്രത്തിലെ അഞ്ചാം നിബന്ധന. സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്കാന് തീരുമാനിക്കുകപോലും ചെയ്യാത്ത കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുമാറ്റേണ്ടവയാണെന്നും ഇതിലുണ്ട്.
ആശങ്കകൾക്കിടെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നിബന്ധനകളിലെ ആശങ്കയുള്ള ഭാഗങ്ങൾ തിരുത്തുമെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. വീട് മാത്രം ഒഴിഞ്ഞുകൊടുത്താൽ മതിയെന്നാണ് തിരുത്തുക. ഭൂമിയും കെട്ടിടവും മറ്റ് ചമയങ്ങളും ഒഴിയണം എന്നീ നിബന്ധനകൾ ഒഴിവാക്കും. അതേസമയം, ദുരന്തമേഖലയിലെ ഇനി വാസം സാധ്യമല്ലാത്ത, ജോൺ മത്തായി സമിതി ‘ഗോ സോൺ’ ആയി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും പട്ടികക്ക് പുറത്താണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.