കണ്ണീരവശേഷിപ്പായി കുഞ്ഞുടുപ്പും കളിപ്പാവയും
text_fieldsകേളകം: നാളിതുവരെ മലയോര ജനത കണ്ടിട്ടില്ലാത്ത ദുരിതപ്പെയ്ത്തിൽ കുത്തിയൊഴുകിവന്ന ദുരന്തം നക്കിത്തുടച്ചത് നാടിന്റെ സന്തോഷവും കാർഷിക സമൃദ്ധിയും. തീവ്രമഴ മണിക്കൂറുകൾ മാത്രം വർഷിച്ചപ്പോഴുണ്ടായ ദുരന്തത്തിൽ പ്രിയപ്പെട്ടവരുടെ വേർപാട് നാടിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഓടിക്കളിച്ച വഴികളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയക്കുത്തൊഴുക്കിൽ നിടുംപുറംചാൽ സ്വദേശികൾക്ക് നഷ്ടമായത് തങ്ങളുടെ ചിരിക്കുടുക്ക രണ്ടര വയസ്സുകാരി മകൾ നൂമ തസ്മീനെയാണ്.
കുരുന്ന് നൂമയുടെ ചേറ്റിൽപുതഞ്ഞ കുഞ്ഞുടുപ്പും അവൾ ചേർത്തുപിടിച്ച് കിടന്നുറങ്ങാറുള്ള കുഞ്ഞുപാവയും പിച്ചവെച്ചുനടന്നിടത്ത് ബാക്കിയാക്കിയാണ് അവൾ നൊമ്പരക്കടലായി മടങ്ങിയത്. വെള്ളറ കോളനിയിലൂടെ കുത്തിയൊഴുകിയ ഉരുൾ വെള്ളത്തിൽ കണിച്ചാൽ അരുവിക്കൽ ഹൗസിൽ രാജേഷ് (45), മണ്ണാളി ചന്ദ്രൻ (55) എന്നിവരും നാടിന്റെ വേദനയായി. നൂമ തസ്നീമയെ പത്തനംതിട്ടയിലെ വീടിനോടു ചേർന്ന മസ്ജിദിലെ ഖബറിടത്തിലും ചന്ദ്രന്റെയും രാജേഷിന്റെയും മൃതദേഹങ്ങൾ സ്വന്തം കോളനിഭൂമിയിലും സംസ്കരിച്ചു.
വയനാടൻ ചുരം പാതയുടെ ചെങ്കുത്തായ മലനിരകളിലുണ്ടായ ഭീതിജനകമായ ഉരുൾപൊട്ടലിലാണ് താഴ്വാരത്തെ 15 കിലോമീറ്ററോളം പ്രദേശത്തെ നൂറുകണക്കിനേക്കർ കൃഷിയിടങ്ങളിൽ മണ്ണും കല്ലും നിറച്ചത്. കോടികളുടെ വിളനാശം നേരിട്ടതിന്റെ ഭീതിദമായ ഞെട്ടലിലാണ് കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങൾ. പ്രളയകുത്തൊഴുക്കിൽ കുമിഞ്ഞുകൂടിയ കാർഷിക വിഭവങ്ങളുടെ ശവപ്പറമ്പിൽ കണ്ണീർ വാർക്കുന്ന കർഷകർക്കിനി പ്രത്യാശയാവേണ്ടത് അധികൃതരുടെ കനിവു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.