ഇരച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് മലയോരം
text_fieldsകോട്ടയം: മലവെള്ള കുത്തൊഴുക്ക് കോട്ടയത്തിന്റെ മലയോരത്ത് വിതച്ചത് വൻ ദുരന്തം. അതിതീവ്രമഴക്കൊപ്പം ഉരുൾപൊട്ടിയതോടെ ചരിത്രത്തിലിന്നുവരെ കാണാത്ത വെള്ളപ്പാച്ചിലിനാണ് കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇൗരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, ഏന്തയാർ, കൊക്കയാർ, പൂഞ്ഞാർ മേഖലകൾ സാക്ഷിയായത്. ഉരുൾപൊട്ടിയതിനൊപ്പം വലിയതോതിൽ മണ്ണിടിച്ചിലുണ്ടായി. ഇതോടെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. രാത്രി വൈകിയും പല പ്രദേശങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. മണ്ണിടിച്ചിലിനെത്തുടർന്ന് കെ.കെ റോഡിലെ ഗതാഗതവും തകരാറായി.
രണ്ടര മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയാണ് ഉരുൾപൊട്ടലിന് ഇടയാക്കിയത്. കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ സമാനതകളില്ലാത്ത ദുരന്തത്തിന് ഇടയാക്കിയപ്പോൾ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തടക്കം ഉരുൾെപാട്ടി വലിയ തോതിൽ വെള്ളം കുതിച്ചൊഴുകി. ഇതിൽ മഹാപ്രളയകാലത്തും പോലും മുങ്ങാത്ത പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. െകാക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ടോപ്പ് അടക്കം മറ്റ് പലയിടങ്ങളിലും ഉരുൾ പൊട്ടി. അമ്പതോളം കുടുംബങ്ങളെ ഏന്തയാർ ജെ.ജെ മർഫി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മുണ്ടക്കയം കോസ്വേ അടക്കം വെള്ളത്തിലായതോടെ വിവിധ റോഡുകളിലൂടെയുള്ള ഗതാഗതവും ജില്ലഭരണകൂടം നിരോധിച്ചു.
കൂട്ടിക്കൽ മേഖലയിലാണ് വൻനാശമുണ്ടായത്. ഉരുളിൽ പലരുടെയും ജീവനെടുത്തതിെനാപ്പം നിരവധി വീടുകളും കടകളും തുടച്ചുനീക്കി. പലതും വെള്ളത്തിനടിയിലായി. കൂട്ടിക്കൽ ടൗണിലടക്കം വെള്ളം നിറഞ്ഞതോടെ പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടു. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ഇവിടെ രണ്ടു വീടുകളും ഒരു കടയും ഒലിച്ചുപോയി. കാണാതായവർക്കായി തിരച്ചിൽ തുടരുകയുമാണ്.
കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ കടകളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ടാക്സി സ്റ്റാൻഡ്, മണിമലയിലേക്കുള്ള റോഡ് എന്നിവ മുങ്ങി. ഇവിടെ ജെ.സി.ബിയടക്കം വെള്ളത്തിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണിൽ ഇത്രയും വെള്ളം ഉയരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഗതാഗതവും പൂർണമായും തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ വലിയതോതിൽ ജലനിരപ്പ് ഉയർന്നു. ഇത്തരത്തിൽ വെള്ളം ഉയരുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളി ഇടക്കുന്നത് നിർത്തിയ സ്കൂൾ ബസ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കാഞ്ഞിരപ്പള്ളി 26ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി.
പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങി. ഈരാറ്റുപേട്ടക്ക് പോകുന്ന ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം മുങ്ങിയത്. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. ചോലത്തടം, കൈപ്പള്ളി, പാതമ്പുഴ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. മന്നം ഭാഗത്ത് ആൾത്താമസമില്ലാത്ത വീട് ഒലിച്ചുപോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ പന്നിഫാം ഒലിച്ചുപോയി. പൂഞ്ഞാർ തേക്കേക്കരയിൽ ശനിയാഴ്ച രാവിലെ 9.40 മുതലുള്ള ഒരുമണിക്കൂറിനുള്ളിൽ കനത്ത മഴയാണ് പെയ്തത്. 50.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.