ഉയിർത്തെഴുന്നേറ്റ് പാതാർ
text_fieldsകവളപ്പാറ ദുരന്തദിനത്തിൽ തന്നെയായിരുന്നു പാതാറിലെ ഉരുൾപൊട്ടലും. 10 വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും തകർന്നു. 20 കടകളും നിരവധി കൃഷിസ്ഥലങ്ങളും നിമിഷനേരംകൊണ്ട് ഭീമൻ ഉരുളൻ പാറകൾ വിഴുങ്ങി. മുണ്ടക്കൈ ദുരന്തത്തിന് സമാനമായിരുന്നു അന്ന് പാതാറിലും സംഭവിച്ചത്. എന്നാൽ, നേരത്തേ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ മനുഷ്യജീവനുകൾ അപഹരിക്കപ്പെട്ടില്ല. ഗർഭംകലക്കി കുന്നിലും തേൻപാറയിലും അന്നേദിവസം മൂന്നിന് ചെറിയതോതിൽ ഉരുൾ പൊട്ടി തോട്ടിൽ വെള്ളമുയർന്നതോടെ ആളുകളെ മുഴുവൻ ഒഴിപ്പിച്ചിരുന്നു.
വൈകുന്നേരം 5.45നാണ് മലക്കു മുകളിൽ വൻ ഉരുൾപൊട്ടലുണ്ടായത്. പാതാറിലെ മസ്ജിദും ചെറിയ കടകളും മഴവെള്ളപ്പാച്ചിലിൽ തകർന്ന് തരിപ്പണമായി. 20 പേർ ഒരു കടയിൽ കുടുങ്ങി. ഇവരെ പിന്നീട് വടം ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. വീടിനുള്ളിൽ അകപ്പെട്ട ഒരാൾ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.
1994ൽ ആറുപേരെ പാതാറിലെ വാളംകൊല്ലി മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായിരുന്നു. ഉരുൾ ദുരന്തം കണ്ടവരാരും പാതാർ അങ്ങാടിയോ സമീപപ്രദേശങ്ങളോ വീണ്ടെടുക്കാൻ കഴിയില്ല എന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ, സർക്കാറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പാതാർ വീണ്ടും ഉയിർത്തെഴുന്നേറ്റു. എല്ലാവർക്കും പത്ത് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു. ചിലർ പാതാറിൽ തന്നെയും മറ്റുള്ളവർ പോത്തുകല്ല് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് ഇപ്പോൾ താമസം. പാതാർ അങ്ങാടിക്ക് സമീപം ഇന്ന് കാണുന്നത് കാരപ്പഞ്ചേരി അബ്ദുറഹിമാൻ- ആമിന സ്മാരക മൈതാനമാണ്. വി.എഫ്.സി ക്ലബിന് ഈ സ്ഥലമുടമകൾ കൈമാറിയതാണ് ഈ ഭൂമി. നാല് വീടുകളും ഒരു വ്യാപാരസ്ഥാപനവും നിലനിന്നിരുന്നിടത്താണ് മൈതാനമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.