അർഷലിന്റെ കാതിൽ മുഴങ്ങുന്നു, ആ ഉഗ്രശബ്ദം
text_fieldsകണ്ണൂർ: കാതിൽ ഇപ്പോഴും ഉരുൾപൊട്ടലിന്റെ ഉഗ്രശബ്ദമാണ്. ആ ദുരന്തത്തിൽനിന്ന് കാട്ടിലേക്കോടിയ എട്ടുവയസ്സുകാരനായ അർഷൽ തിരിച്ചുകയറിയത് ജീവിതത്തിലേക്ക്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴക്കിടെ ഉഗ്രശബ്ദം കേട്ടതോടെ അർഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു.
സമീപത്തെ മറ്റു മൂന്നുകുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും കനത്ത മഴയും ഇരുട്ടും അർഷലിന്റെ വഴിതെറ്റിച്ചു. ഇതോടെ അർഷൽ കാട്ടിൽ ഒറ്റപ്പെടുകയായിരുന്നു. തനിച്ചായായത് കണക്കാക്കാതെ ജീവരക്ഷാർഥം അർഷൽ കാട്ടിലേക്ക് ഓടിക്കയറി. ഇതിനിടെ കുഴിയിൽവീണും മരത്തിനിടിച്ചും നിസ്സാര പരുക്കുകളുമേറ്റു.
ഇതൊന്നും വകവെക്കാതെ ആ എട്ടുവയസ്സകാരൻ കാട്ടിൽതന്നെ അഭയം തേടി. രണ്ടുമണിക്കൂറിലേറെയാണ് നാലാം ക്ലാസ് വിദ്യാർഥിയായ അർഷൽ കണ്ണവത്തെ കൊടുംവനത്തിൽ ഒറ്റക്ക് അലഞ്ഞത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അർഷലിനെ കുടുംബാംഗങ്ങൾ കണ്ടെത്തി.
അർഷലിന്റെ വീടിന്റെ ഇരുവശങ്ങളിൽ കൂടിയാണ് ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചത്. ശബ്ദം കേട്ടയുടൻ കുടുംബങ്ങൾ വീടുവിട്ടതിനാലാണ് ചെക്യേരി കോളനിയിൽ വൻദുരന്തം ഒഴിവായത്. വീടുകൾ വാസയോഗ്യമല്ലാതായതോടെ അർഷലും കുടുംബവും നിലവിൽ പെരിന്തോട് വേക്കളം എ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. സുരേഷ്-രേഷ്മ ദമ്പതികളുടെ മകനായ അർഷൽ കൊമ്മേരി ഗവ. യു.പി സ്കൂൾ വിദ്യാർഥിയാണ്. ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മന്ത്രി എം.വി. ഗോവിന്ദൻ അർഷലിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.