ഉരുൾ ദുരന്ത പുനരധിവാസം: കരട് പട്ടികയിൽ നിറയെ കരട്
text_fieldsകൽപറ്റ: മുണ്ടക്കൈ -ചൂരൽമല ഉരുൾ ദുരന്തത്തിലെ ഇരകൾക്കായി ഒരുക്കുന്ന പുനരധിവാസ പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടികയില്‍ നിറയെ ഇരട്ടിപ്പും തെറ്റും അവ്യക്തതയും. 1084 കുടുംബങ്ങളിലെ 4636 പേരെ ബാധിച്ചെന്ന് സർക്കാർതന്നെ കണ്ടെത്തിയ ദുരന്തത്തിന്റെ 144ാം ദിവസം തയാറാക്കിയ പട്ടികയില്‍ 388 കുടുംബങ്ങളാണ് ഇടംപിടിച്ചത്. ഇതിൽ വീടും കുടുംബവും ഒന്നാകെ ഉരുളിൽ ആണ്ടുപോയ 17 കുടുംബങ്ങളുണ്ട്.
ബാക്കി 371 പേരുടെ പട്ടികയാണ് പുനരധിവാസത്തിന്റെ ആദ്യഘട്ടത്തിൽ പരിഗണിക്കുന്നതിന് മാസങ്ങളെടുത്ത് അധികൃതർ തയാറാക്കിയത്. കരട് പട്ടികയിൽ അർഹരായ നിരവധിപേർ ഒഴിവാക്കപ്പെട്ടതിന് പുറമെ അനേകം പേരുകള്‍ ഇരട്ടിപ്പുമാണ്. കുടുംബത്തിൽ ഒരാൾപോലും ബാക്കിയില്ലാത്തവരടക്കം പട്ടികയിൽ ഇടം പിടിച്ചിട്ടുമുണ്ട്. നാലര മാസമെടുത്ത് മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തയാറാക്കിയ പട്ടികയില്‍ വലിയ പിഴവുകൾ കടന്നുകൂടിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മേപ്പാടി പഞ്ചായത്തിലെ ദുരന്തം ബാധിച്ച മൂന്ന് വാര്‍ഡുകളിലെയും കണക്കുകളിൽ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 11ാം വാര്‍ഡായ മുണ്ടക്കൈയില്‍ മാത്രം 65ലധികം ആളുകളാണ് പട്ടികയില്‍ ഒന്നിലധികം തവണ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റു വാർഡുകളിലും സമാന സാഹചര്യമാണ്. മുണ്ടക്കൈ സ്വദേശി കെ. ഹംസ പട്ടികയിൽ ഇടം നേടിയപ്പോൾ ഇദ്ദേഹത്തിന്റെ മകൻ സഫാദിനെയും ഉൾപ്പെടുത്തി.
മുണ്ടക്കൈ സ്വദേശികളായ കെ.ടി. അഫ്സൽ, സി.പി. ലത്തീഫ് എന്നിവരുടെ കുടുംബം ഒന്നാകെ ദുരന്തത്തിൽ മരണത്തിന് കീഴടങ്ങിയവരാണെങ്കിലും ഇവർ രണ്ടു പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാസങ്ങളെടുത്ത് പഞ്ചായത്ത് നല്കിയതും റവന്യൂ വകുപ്പ് ശേഖരിച്ചതുമായ പട്ടിക ഒത്തുനോക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
പട്ടികയില്‍ മുണ്ടക്കൈയില്‍ 10ഉം ചൂരല്‍മലയില്‍ ഏഴും കുടുംബങ്ങള്‍ വീടടക്കം ആരും ബാക്കിയില്ലാതെ ഉരുളില്‍ മാഞ്ഞുപോയവരാണ്. അവർക്കു പുറമെ 371 കുടുംബങ്ങളെയാണ് ആദ്യപട്ടികയില്‍ പരിഗണിച്ചിരിക്കുന്നത്.
ഒരു മാസം മുമ്പ് മേപ്പാടി ഗ്രാമപഞ്ചായത്ത് തയാറാക്കിയ കരട് പട്ടികയിൽ 502 കുടുംബങ്ങൾ ഇടംപിടിച്ചിരുന്നു. കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത് മൊത്തം 522 വീടുകള്‍ക്കാണെങ്കിലും ആള്‍താമസമില്ലാത്ത 20ഓളം പാടി റൂമുകള്‍ ഒഴിവാക്കിയാണ് പഞ്ചായത്ത് കരട് പട്ടിക തയാറാക്കിയത്. ഇതുപോലും പരിഗണിക്കാതെയാണ് സർക്കാർതലത്തിൽ കരട് പട്ടിക തയാറാക്കിയതെന്നാണ് ആരോപണം.
പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷന്‍ കാര്‍ഡ് പ്രാഥമിക വിവരമായി കണക്കാക്കി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാർട്ടേഴ്സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവകൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയാറാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
പട്ടികയിലെ അപാകതക്കെതിരെ ജനകീയ സമിതിയുടെ നേതൃത്തിൽ ശനിയാഴ്ച മേപ്പാടി പഞ്ചായത്തിൽ കനത്ത പ്രതിഷേധം ഉയർന്നു. എൽ.എസ്.ജി.ഡി ജോ. ഡയറക്ടർ മേപ്പാടി പഞ്ചായത്തിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിലേക്ക് ദുരന്തബാധിതരുടെ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് രാവിലെ മുതൽ പ്രതിഷേധവുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.