ഉരുൾപൊട്ടൽ ഭീതി: അകമലയിലെ 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsവടക്കാഞ്ചേരി: ഉരുൾപൊട്ടൽ ഭീതിയെത്തുടർന്ന് വടക്കാഞ്ചേരി നഗരസഭയിലെ മാരാത്ത്കുന്ന് അകമല കോളനിയിലെ 50ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ കുടുംബങ്ങളെ മാറ്റിയത്. 25ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. അകമല കോളനിയുടെ പരിസരപ്രദേശത്തുള്ള എട്ട് കുടുംബങ്ങളെ കൂടി മാറ്റാൻ നടപടി സ്വീകരിച്ചതായി ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
അപകടകരമായ സാഹചര്യമാണ് പ്രദേശത്തുള്ളതെന്ന് വ്യാഴാഴ്ച രാവിലെ പ്രദേശം സന്ദർശിച്ച ജില്ല ജിയോളജി ഓഫിസർ എ.കെ. മനോജ് അറിയിച്ചു. കനത്ത മഴ പെയ്താൽ ശക്തമായ മണ്ണിടിച്ചിൽ സംഭവിച്ചേക്കാമെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അകമല കോളനി പരിസരത്ത് കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശം താമസയോഗ്യമല്ലെന്ന് സ്ഥലം സന്ദർശിച്ച ജില്ല ദുരന്തനിവാരണ സംഘം വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അകമലയിലുണ്ടായ മണ്ണിടിച്ചിലും വീട് തകർച്ചയും പരിശോധിക്കാനെത്തിയ സംഘമാണ് നഗരസഭ അധികൃതർക്കും മറ്റും മുന്നറിയിപ്പ് നൽകിയത്. വിശദമായ നിരീക്ഷണവും പരിശോധനയുമാണ് ദുരന്തനിവാരണ സംഘം നടത്തിയത്. തുടർന്നാണ് നഗരസഭ അധികൃതർ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചത്.
ഭൂഗർഭജല വകുപ്പ് ജില്ല ഓഫിസർ ഡോ. എൻ. സന്തോഷ്, മണ്ണ് സംരക്ഷണ വകുപ്പ് ജില്ല ഓഫിസർ ഡോ. ബിന്ദു മേനോൻ എന്നിവരടങ്ങുന്ന സംഘമാണ് കുന്നിടിച്ചിൽ പ്രദേശത്തെത്തിയത്. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സെക്രട്ടറി കെ.കെ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അൻസാർ അഹമ്മദ്, തഹസിൽദാർ എം.സി. അനുപമൻ, കൗൺസിലർമാരായ എ.ഡി. അജി, ബുഷ്റ റഷീദ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.