ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ഇക്കുറി കണ്ണീരോണം
text_fieldsകേളകം: ആഗസ്റ്റ് ഒന്നാം തീയതി മുതലുണ്ടായ ഉരുൾപൊട്ടലിന്റെ ദുരന്തപ്പെരുമഴയിൽ സർവതും നശിച്ച ഒരു ജനവിഭാഗമുണ്ട് കണിച്ചാർ പഞ്ചായത്തിൽ.
ആഗസ്റ്റ് ഒന്നിന് ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ച കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ വീടും കാർഷിക വിളനാശവും ഭൂമി ഒലിച്ചുപോയതുംമൂലം കണ്ണീർക്കടലിലാണ്.
ഉരുൾപൊട്ടലിൽ മരിച്ച വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യകേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസ്സുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരുടെ കുടുംബത്തിന് സാമ്പത്തികസഹായം നൽകിയതൊഴിച്ചാൽ ദുരിതബാധിതരെ തേടിയെത്തിയത് സമാശ്വാസ പ്രഖ്യാപനങ്ങൾ മാത്രം. ഉരുൾപൊട്ടലിൽ രണ്ടു പ്രദേശത്തുമായി 175 കോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകളെന്ന് കണ്ടെത്തിയ മന്ത്രി എം.വി. ഗോവിന്ദൻ ദുരിതബാധിത മേഖലക്ക് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് മടങ്ങി.
തുടർന്നും ജില്ല കലക്ടർ മുതൽ എം.എൽ.എമാർ, എം.പിമാർ, വകുപ്പ് മേധാവികൾ ഉരുൾപൊട്ടൽ മേഖലയിൽ പര്യടന പരമ്പര നടത്തി, ദുരിതബാധിതരെ സഹായിക്കാൻ പദ്ധതി ഉണ്ടാവുമെന്നാശിപ്പിച്ച് മടങ്ങിയെങ്കിലും ഓണക്കാലമായിട്ടുപോലും കാലണയുടെ സഹായമുണ്ടായില്ലെന്ന് ദുരിതബാധിതർ.
വിശദമായ കണക്കെടുപ്പ് വിവിധ വകുപ്പുകൾ നടത്തി പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ഉരുൾപൊട്ടലിൽ അഞ്ചു വീടുകൾ പൂർണമായും തകരുകയും 75 വീടുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും പൂർണമായും തകർന്ന വീടുകൾക്ക് പാക്കേജ് നടപ്പാക്കുമെന്നും ഭാഗികമായി തകർന്ന വീടുകൾ പുനർനിർമിക്കാൻ സഹായം നൽകുമെന്നും പ്രഖ്യാപിച്ചാണ് മന്ത്രി മടങ്ങിയത്.
അടിയന്തരമായി പ്രദേശത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജനപ്രതിനിധി സംഘം മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടെങ്കിലും ഫയലുകൾ ചുവപ്പുനാടയിൽ പെട്ടു.
ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കെട്ടുകൾ പതിച്ചും മണ്ണിടിഞ്ഞും തകർന്ന നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചതല്ലാതെ പുനർനിർമാണം തുടങ്ങിയില്ല.
തുടർന്നുണ്ടായ ഉരുൾപൊട്ടലുകളിലാവട്ടെ പാതയുടെ തകർച്ച വർധിച്ചു. 28ാം മൈലിൽ മൂന്നു കിലോമീറ്ററോളം റോഡാണ് തകർന്നുകിടക്കുന്നത്.
ഗ്രാമീണ, പഞ്ചായത്ത് റോഡുകൾ, പാലങ്ങൾ എന്നിവയും വ്യാപകമായി തകർന്നു. വൻ തോതിലുണ്ടായ കൃഷിനാശത്തിന്റെ കണക്കെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപനം മാത്രം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയത് മിച്ചം.
പ്രദേശത്തെ നൂറുകണക്കിന് കർഷകർ സർക്കാറിന്റെ കനിവ് കാത്ത് കഴിയുകയാണ്.
കുടിയേറ്റ കാലം മുതൽ നട്ടുനനച്ചുവളർത്തിയ കൃഷിയും പാടങ്ങളും കൃഷിഭൂമിയും മണ്ണടിഞ്ഞ കർഷകർക്ക് ആശ്വാസപദ്ധതിയാണ് വേണ്ടത്.
നൂറുകണക്കിന് ഹെക്ടർ കൃഷിയിടം മണ്ണടിഞ്ഞ പൂളക്കുറ്റി, വെള്ളറ, സെമിനാരിവില്ല, നെടുംപുറംചാൽ പ്രദേശവാസികളുടെ ദുരിതം ഇപ്പോൾ പെരുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.