ഉരുൾപൊട്ടൽ: ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കന്നതിന് വയനാട് കലക്ടർക്ക് അനുമതി
text_fieldsതിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കന്നതിന് വയനാട് കലക്ടർക്ക് അനുമതിയെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കുന്നതിനും, വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കുന്നതിനുമാണ് സർക്കാർ തീരുമാനമെടുത്തതെന്നും കെ.കെ. ശൈലജ, പി. മമ്മിക്കുട്ടി, തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി.എ. റഹീം തുടങ്ങിയവർക്ക് രേഖാമൂലം മറുപടി ൽകി.
ടൗൺഷിപ്പ് നിർമിക്കുവാൻ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ, കോട്ടപ്പടി വില്ലേജിലെ സർവേ നമ്പർ 366 ൽപ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും, വൈത്തിരി താലൂക്കിലെ കൽപ്പറ്റ വില്ലേജിലെ സർവേ നമ്പർ 88/1 ൽ പ്പെട്ട എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും 2005 ലെ ദുരന്ത നിവാരണ നിയമം പ്രകാരം ഉടമസ്ഥത ഏറ്റെടുക്കുന്നതിന് ഡി.എം.ഡി പ്രകാരം തത്വത്തിൽ അനുമതിയും നൽകി.
ദുരന്തം അനുഭവിച്ചവർക്കും ദുരന്ത ബാധിതരായിട്ടുള്ളവർക്കും വേണ്ടി സുസ്ഥിരവും പരിസ്ഥിതിക്ക് അനുയോജ്യമായ സംവിധാനങ്ങളും ഹൗസിങ്ങ് ലേഔട്ട് ഉൾപ്പെട്ട മോഡൽ ടൗൺഷിപ്പ് നിർമിക്കണമെന്ന് തീരുമാനിച്ചു. ദുരന്ത ബാധിതരുമായി സർക്കാർ 2024 ആഗസ്റ്റ് 23ന് നടത്തിയ ചർച്ചയിൽ പുതിയതായി സ്ഥാപിക്കുന്ന വീടുകൾ സുരക്ഷിത സ്ഥലത്തായിരിക്കണമെന്നും, താമസിച്ചിരുന്ന സ്ഥലത്തിന് അടുത്തായിരിക്കണമെന്നും, ഒരുമിച്ച് താമസിക്കുവാൻ കഴിയുന്നവിധം ആകണമെന്നും ഉപജീവനത്തിന് അനുയോജ്യമാകണമെന്നുമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് പുനരധിവാസത്തിനുള്ള സ്ഥലങ്ങൾ കണ്ടെത്തിയത്. ഭൂമി പ്ലോട്ടുകൾ തിരിച്ച് ശ്രദ്ധാപൂർവവും സുസ്ഥിരവുമായ രീതിയിൽ ഭവന നിർമാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ആന്തരിക റോഡുകൾ, അംഗൻവാടി, സ്കൂൾ, പോസ്റ്റ് ഓഫീസ്, ആരോഗ്യ ക്ലീനിക്ക്, മാലിന്യ സംസ്കരണ മേഖല, കമ്മ്യൂണിറ്റി ഹബ്, പാർക്ക്, മറ്റ് സാമൂഹിക പശ്ചാത്തലങ്ങൾ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ ടൗൺഷിപ്പിൽ ഒരുക്കണം. നിർദിഷ്ട ടൗൺഷിപ്പിന്റെ മാതൃക, ലേഔട്ട് എന്നി തയാറാക്കുന്നതിന് നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.