ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം; നഷ്ടപരിഹാരത്തിന് കാത്തിരുന്ന് മടുത്ത് കർഷകർ
text_fieldsതൊടുപുഴ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ക്ഷേഭങ്ങൾ മൂലം ഓരോ വര്‍ഷവും ജില്ലയിലെ കർഷകർക്കുണ്ടാകുന്നത് വൻ നഷ്ടം. എന്നാൽ, നഷ്ടം സംഭവിക്കുന്ന കർഷകർക്ക് സമാശ്വാസത്തുകക്കായി കാത്തിരിക്കേണ്ടിവരുന്നത് വർഷങ്ങൾ.
ജില്ലയില്‍ എല്ലാ വര്‍ഷവും മഴക്കെടുതികളിലും കനത്ത വേനല്‍ച്ചൂടിലും മറ്റും കോടികളുടെ കൃഷി നാശമാണ് ഉണ്ടാകുന്നത്. കൃഷി ചെയ്തു വിളവെടുപ്പിന് പാകമാകുമ്പോഴാണ് പലപ്പോഴും കെടുതികളില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംഭവിക്കുന്നത്. ഇതിന്റെ പേരില്‍ കൃഷി ഓഫിസുകളില്‍ അപേക്ഷ നല്‍കുമെങ്കിലും സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരം കര്‍ഷകരുടെ കൈകളിലെത്താന്‍ വര്‍ഷങ്ങളുടെ കാലതാമസം വേണ്ടി വരും.
ജില്ലയില്‍ 2021 മെയ് 18 വരെയുള്ള അപേക്ഷകളിലാണ് ഇതുവരെ നഷ്ട പരിഹാരം നല്‍കിയിരിക്കുന്നത്. കോടികളാണ് ഇനിയും വിതരണം ചെയ്യാനുള്ളത്. നഷ്ടപരിഹാരം വൈകുന്നത് വീണ്ടും കൃഷിയിറക്കാനുള്ള കര്‍ഷകരുടെ പരിശ്രമങ്ങള്‍ക്കും തിരിച്ചടിയാകുന്നു.
സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിനു പുറമെ കേന്ദ്രത്തിന്റെ സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നുള്ള വിഹിതവും കൂടി ചേര്‍ത്താണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നത്. പലപ്പോഴും കേന്ദ്ര ഫണ്ട് നേരത്തെ ലഭ്യമാകുമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതം വൈകുന്നതാണ് നഷ്ടപരിഹാരം വിതരണം വൈകാന്‍ കാരണം. ഓരോ വിളകള്‍ക്കും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് നഷ്ടപരിഹാരതുക നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ ചില വിളകള്‍ക്ക് കേന്ദ്രമാനദണ്ഡ പ്രകാരം കുറഞ്ഞ നിരക്കാണ് നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഈ തുക കര്ഷകന് തികച്ചും അപര്യാപ്തമായതിനാല്‍ ബാക്കി വരുന്ന തുക സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. നെല്ലും ഏലവും പോലെ ഹെക്ടര്‍ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നിശ്ചയിക്കുന്ന വിളകള്‍ക്ക് കേന്ദ്രം കുടുതല്‍ തുക അനുവദിക്കുന്നുണ്ട്.
എന്നാല്‍ എണ്ണം കണക്കാക്കി നഷ്ടം നിശ്ചയിക്കുന്ന വിളകള്‍ക്ക് കേന്ദ്ര വിഹിതം കുറവായിരിക്കും. അതിനാല്‍ ഇത്തരം വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ അധിക തുക അനുവദിക്കേണ്ടി വരും.
2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് 31 വരെ ജില്ലയില്‍ 2921 കര്‍ഷകര്‍ക്കായി 1.70 കോടിയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ 8159 കര്‍ഷകര്‍ക്കായി 4,15,19,433 രൂപയാണ് നഷ്ടപരിഹാരം കണക്കാക്കിയത്. ഇതും ഏകദേശം പൂര്‍ണമായി വിതരണം ചെയ്തിരുന്നു.
2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ 3953 കര്‍ഷകര്‍ക്കാണ് വിളനാശത്തിനുള്ള നഷ്ടപരിഹാരം അനുവദിച്ചത്. ആകെ നഷ്ടപരിഹാരമായി കണക്കാക്കിയത് 2,11,81,551 രൂപയാണ്. ഇതില്‍ വിതരണം ചെയ്തത് 1,31,77,790 രൂപ മാത്രമാണ്.
2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ജില്ലയില്‍ 389 കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചത്. 25,28,649 രൂപയാണ് നഷ്ടപരിഹാരം കണക്കാക്കിയത്. ഇതില്‍ 1,69,619 രൂപ സംസ്ഥാന വിഹിതവും 23,402 രൂപ കേന്ദ്ര വിഹിതവുമാണ്. ഇതില്‍ ഒരു രൂപ പോലും കര്ഷകന് ലഭിച്ചിട്ടില്ല. 2023 ഏപ്രില്‍ മുതല്‍ 2024 ജനുവരി ആറു വരെ 292 കര്‍ഷകര്‍ക്ക് വിളനാശത്തിനായി 16,81,328 രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതും കര്‍ഷകരുടെ കൈകളിലെത്തിയിട്ടില്ല.
ഈ തുക എന്ന് കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കും വ്യക്തമായ ഉത്തരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.