കേരളത്തിലെ ഉരുൾപൊട്ടലുകൾ: അന്താരാഷ്‌ട്ര വെബിനാർ ശനിയാഴ്ച
text_fieldsഅന്താരാഷ്‌ട്ര സർവകലാശാലകളിലെയും പരീക്ഷണശാലകളിലെയും മലയാളി ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും സാമൂഹ്യ മാധ്യമ കൂട്ടായ്മയായ 'സയൻസ് ഫോർ ഹ്യൂമാനിറ്റി'യുടെ രണ്ടാമത് അന്താരാഷ്‌ട്ര വെബിനാർ നവംബർ ആറ് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിന് നടക്കും. 'കേരളത്തിലെ ഉരുൾപൊട്ടലുകൾ - ഉപോത്ബലക ഘടകങ്ങളും ലഘൂകരണ നടപടികളും' എന്ന വിഷയത്തിൽ നടത്തപ്പെടുന്ന വെബിനാറിൽ ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവിയോൺമെന്‍റൽ സ്റ്റഡീസിലെ (എൻ.ഐ.ഇ.എസ്, ജപ്പാൻ) പോസ്റ്റ് ഡോക്ടോറൽ ഗവേഷകനായ ഡോ. യൂനുസ് അലി പുൽപ്പാടൻ പ്രബന്ധാവതരണം നടത്തും.
പ്രകൃതി ദുരന്തങ്ങൾ, ഉരുൾപൊട്ടലുകൾ, ഭൂകമ്പാനന്തര പ്രവണതകൾ, നദീതട-സമുദ്രതീര രൂപമാറ്റങ്ങൾ തുടങ്ങിയ മേഖലകളിൽ അന്തരാഷ്ട്ര തലത്തിൽ തന്നെ അറുപതിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഡോ. യൂനുസ് മലപ്പുറം കോഡൂർ സ്വദേശിയാണ്. ടോക്കിയോ സർവകലാശാലയിൽനിന്നും പി.എച്ച്.ഡി ബിരുദം നേടിയ അദ്ദേഹം ജപ്പാൻ സർക്കാറിന്‍റെ മൊമ്പുകാകുഷോ (എം.ഇ.എക്സ്.ടി) സ്കോളർഷിപ്പ് സ്വീകർത്താവ് കൂടെയാണ്.
വെബിനാറിൽ ജപ്പാനിലെ യുനെസ്‌കോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ സെന്‍റർ ഫോർ വാട്ടർ ഹസാർഡ് ആൻഡ് റിസ്ക് മാനേജ്മെൻറിലെ (ഐ.സി.എച്ച്.എ.ആർ.എം) വിസിറ്റിംഗ് ഫോറിൻ റിസർച്ചറായ ഡോ. കെ. അബ്ദുല്ല ബാവ (പൊന്നാനി) മോഡറേറ്റർ ആവും. 2018ലെ കേരളത്തിലെ മഹാപ്രളയം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്താൻ ജപ്പാനിൽനിന്നുമെത്തിയ പ്രതിനിധി സംഘത്തിൽ ഡോ. ബാവയും ഉണ്ടായിരുന്നു.
ജപ്പാൻ സർക്കാറിന്‍റെ പ്രശസ്തമായ എസ്.ടി.എ ഫെല്ലോഷിപ്പ് ജേതാവ് കൂടിയായ ഡോ. ബാവ നേരത്തെ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, മാഹാത്മാഗാന്ധി സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജപ്പാനിലെ അഡ്വാൻസ്‌ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
വെബിനാറിൽ 'സയൻസ് ഫോർ ഹുമാനിറ്റി' കൺവീനർമാരായ ഡോ. ടി.കെ. ഫവാസ് (അസിസ്റ്റൻറ് പ്രഫസർ, കുസാറ്റ്), ഡോ. പി.കെ. ഹാഷിം (അസിസ്റ്റൻറ് പ്രഫസർ, ഹൊക്കായിഡോ സർവകലാശാല, ജപ്പാൻ) എന്നിവരും സംസാരിക്കും. സൂം പ്ലാറ്റുഫോമിലാണ് വെബിനാർ സംഘടിപ്പിക്കപ്പെടുന്നത്. മീറ്റിംഗ് ഐ.ഡി - 890 9099 0036, പാസ്സ്‌കോഡ് - 734557.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.