ഇടുക്കി മൂലമറ്റത്തും കോട്ടയം മൂന്നിലവിലും ഉരുൾപൊട്ടി; കനത്ത മഴ തുടരുന്നു
text_fieldsഇടുക്കി: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. ഇടുക്കി മൂലമറ്റത്തും കോട്ടയം മൂന്നിലവിലുമാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണുള്ളത്.
ഇടുക്കി മൂലമറ്റം കണ്ണിക്കൽ മലയിലാണ് ഉരുൾപൊട്ടിയത്. മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി. വൈകിട്ട് ആറ് മണിയോടെയാണ് ഉരുൾപൊട്ടിയത്. ഒഴുകിയെത്തിയ വെള്ളം മണപ്പാടി, കച്ചിറമറ്റം തോട്ടിലൂടെ ഒഴുകിപ്പോവുകയായിരുന്നു. മൂലമറ്റം മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറി. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു
കോട്ടയത്ത് മുണ്ടക്കയം– എരുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസ്സമുണ്ടായി. കരിനിലം കവലയിലും വെള്ളം കയറി. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലുമാണ്. നദികളിൽ ജലനിരപ്പുയർന്നു. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു. കൂടൽ, കലഞ്ഞൂർ, കോന്നി മേഖലകളിലും നദിയിൽ വെള്ളം ഉയരുന്നുണ്ട്.
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മീൻമുട്ടിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.
പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള പലകക്കാവില്‍ യുവാക്കള്‍ ഒഴുക്കില്‍പെട്ടു. ഒരാളെ കാണാതായിയി. കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദ്വൈത്(22) നെയാണ് കാണാതായത്. സന്ധ്യയോടെ മലവെള്ളപ്പാച്ചിലില്‍ തോട്ടില്‍ വെള്ളം ഉയരാന്‍ തുടങ്ങിയതോടെ സമീപത്തെ വീട്ടിലേക്ക് തോടു മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം.
രണ്ടു പേരാണ് ഒഴുക്കില്‍പെട്ടത്. ഒരാള്‍ നീന്തിക്കയറി. സാമുവല്‍ എന്ന യുവാവാണ് രക്ഷപെട്ടത്. അദ്വൈതിന് നീന്തി കടക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്വൈതിനായി വെച്ചൂച്ചിറ പൊലീസും അഗ്നിശമന സേനയും നാട്ടുകാരും തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇതിനിടെ വനമേഖലയിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുരുമ്പന്‍മൂഴി കോസ് വേ വീണ്ടും മുങ്ങി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.