മണ്ണിടിച്ചിൽ, വെള്ളക്കെട്ട്; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി; തൃശൂർ-ഷൊർണൂർ സർവീസ് നിർത്തി
text_fieldsതിരുവനന്തപുരം: വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കുമിടയിൽ പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ജനശതാബ്ദി ഉൾപ്പെടെ 14 ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു. നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. വന്ദേഭാരതുകളടക്കം നിരവധി ട്രെയിനുകൾ വൈകിയാണ് ഓടിയത്. വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കുമിടയിൽ അകമലയിൽ ട്രാക്കിലെ കല്ലും മണ്ണുമടക്കം വെള്ളത്തോടൊപ്പം ഒലിച്ചുപോവുകയായിരുന്നു.
പുലർച്ച ആറരയോടെ ട്രാക്കിലേക്ക് വെള്ളമൊഴുകുന്നുണ്ടായിരുന്നു. 7.30 ഓടെയാണ് ട്രാക്കിൽ 100 മീറ്ററോളം ഭാഗത്ത് ട്രാക്കിനിടയിലെ മണ്ണ് വെള്ളത്തോടൊപ്പം കുത്തിയൊലിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു. തിരുവനന്തപുരം ഡി.ആർ.എം മനീഷ് ഥപ്ൽയാലിന്റെ മേൽനോട്ടത്തിലായിരുന്നു ട്രാക്കിലെ തകരാർ പരിഹരിക്കൽ.
9.30ഓടെ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്ക് ഗതാഗത യോഗ്യമാക്കി. ഇതോടെ കേരളത്തിന് പുറത്തേക്ക് പോകേണ്ട ദീർഘദൂര ട്രെയിനുകളെ ഇതുവഴി കടത്തിവിട്ടു. കേരളത്തിനുള്ളിലെ മറ്റ് സർവിസുകൾ ഭാഗികമായി റദ്ദാക്കുയോ വൈകിപ്പിക്കുകയോ ചെയ്തായിരുന്നു ക്രമീകരണം. തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് (20632) വൈകീട്ട് ആറിനാണ് യാത്രതിരിച്ചത്. കാസർകോട്ടുനിന്ന് ഉച്ചക്ക് 2.30 തുടങ്ങേണ്ട കാസർകോട് -തിരുവനന്തപുരം വന്ദേഭാരത് (20633) വൈകീട്ട് 4.30ന് പുറപ്പെട്ടു.
രാവിലെ 11.30ഓടെയാണ് എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കും ഗതാഗത യോഗ്യമാക്കി. യാത്രക്കാരുടെ സൗകര്യാർഥം തൃശൂരിൽനിന്ന് എറണാകുളത്തേക്ക് ചൊവ്വാഴ്ച സ്പെഷൽ സർവിസ് ഏർപ്പെടുത്തിയിരുന്നു. അതേസമയം, അപ്രതീക്ഷിതമായി ഗതാഗതം മുടങ്ങിയതോടെ യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി.
ജനശതാബ്ദിയടക്കം പാതിവഴിയിൽ
12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിലും 12075 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്തും 12075 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എറണാകുളത്തും യാത്ര അവസാനിപ്പിച്ചു. 16301 ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഷൊർണൂരിന് പകരം ചാലക്കുടിയിൽനിന്നാണ് ഓടിത്തുടങ്ങിയത്. 16792 പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് പാലക്കാടിന് പകരം ആലുവയിൽനിന്നും. 16305 എറണാകുളം-കണ്ണൂർ ഇന്റർസിറ്റി തൃശൂരിലും 16791 തിരുനെൽവേലി-പാലക്കട് അമൃത എക്സ്പ്രസ് ആലുവയിലും 16302 തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിലും സർവിസ് നിർത്തി.
16308 കണ്ണൂർ-ആലപ്പുഴ ഇന്ററർസിറ്റി എറണാകുളം വരെയേ ഓടിയുള്ളൂ. 16650 കന്യാകുമാരി-മംഗളൂരു പരശുറാം ഷൊർണൂരിൽനിന്നാണ് മംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത്. 16325 നിലമ്പൂർ-കോട്ടയം എക്സ്പ്രസ് നിലമ്പൂരിന് പകരം അങ്കമാലിയിൽനിന്നും.
ചൊവ്വാഴ്ചയിലെ 16649 മംഗളൂരു-കന്യാകുമാരി പരശുറാം ഷൊർണൂരിലും 16326 കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് അങ്കമാലിയിലും സർവിസ് നിർത്തി. 16307 ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് ആലപ്പുഴക്ക് പകരം ഷൊർണൂരിൽനിന്നാണ് യാത്ര തുടങ്ങിയത്.
പൂർണമായി റദ്ദാക്കിയവ
06445 ഗുരുവായൂർ-തൃശൂർ പ്രതിദിന എക്സ്പ്രസ്
06446 തൃശൂർ-ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്
06497 ഷൊർണൂർ -തൃശൂർ പ്രതിദിന എക്സ്പ്രസ്
06495 തൃശൂർ-ഷൊർണുർ എക്സ്പ്രസ്
വൈകിയോടിയവ
എറണാകുളത്തുനിന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന 12678 എറണാകുളം-ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസും എറണാകുളത്തുനിന്ന് രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന 12617 എറണാകുളം ജങ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസും മൂന്ന് മണിക്കൂർ വീതം വൈകി.
ഉച്ചക്ക് 3.20ന് ആലപ്പുഴയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന 22640 ആലപ്പുഴ-ചെന്നൈ സെൻട്രൽ എക്സ്പ്രസ് വൈകീട്ട് ആറിനാണ് യാത്രതിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.