നഷ്ടപരിഹാരം കുറഞ്ഞതിന് പിന്നിൽ ഭാഷാ വിവേചനം –ഗോമതി
text_fieldsമൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപയും കരിപ്പൂർ അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപയും അനുവദിച്ചതിലെ വിവേചനം ഭാഷ വ്യത്യാസത്തിെൻറ പേരിലാണെന്നും ഇത് ചെയ്തത് മുഖ്യമന്ത്രിയാണെന്നും പെമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം നൽകിയ ഗോമതി അഗസ്റ്റിൻ.
തമിഴ്-മലയാളം ചേരിതിരിവിന് മറ്റാരുമല്ല ശ്രമിച്ചത്. ഈ നിലപാടാണ് തോട്ടംതൊഴിലാളികളുടെ ദുരിതത്തിന് അടിസ്ഥാനമെന്നും ഗോമതി 'മാധ്യമ'ത്തോട് പറഞ്ഞു.
മൂന്നാറില്‍ മുഖ്യമന്ത്രിയെത്തിയപ്പോള്‍ തടയാനല്ല ശ്രമിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ പ്രശ്നങ്ങള്‍ നേരിട്ട് ധരിപ്പിക്കാന്‍ വേണ്ടിയാണ് എത്തിയത്. ബോണസും ശമ്പളവും ആവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത തനിക്ക് അദ്ദേഹത്തെ നേരിട്ടറിയാം.
താനും മൂന്നാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയാണ്. വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തിയത്. അദ്ദേഹം കണ്ടിരുന്നെങ്കില്‍ വാഹനം നിര്‍ത്തുമായിരുന്നു. എന്നാല്‍, പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം ആരംഭിക്കാന്‍ തയാറാണ്.
തൊഴിലാളികളുടെ ദയനീയ സ്ഥിതി മാറ്റിയെടുക്കാമെന്ന് ഉറപ്പാണ്. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കണം. ട്രേഡ് യൂനിയനുകളുടെയും കമ്പനി മാനേജ്മെൻറിെൻറയും ഭീഷണിയെ തൊഴിലാളികൾ പേടിക്കുകയാണ്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ മൂന്നാറിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയുന്നില്ല.
തൊഴിലാളി വിരുദ്ധ നടപടികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എത്തുന്നുണ്ടോയെന്ന് സംശയമുണ്ട്. കൂലിക്കുറവും താമസിക്കാൻ ഉറപ്പുള്ള വീടില്ലാത്തതും ചോദ്യം ചെയ്തേ പറ്റു.
തൊഴിലാളികളുടെ മക്കള്‍ക്കടക്കം ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കണം. സമരത്തിെൻറ പേരില്‍ പൊലീസും രാഷ്ട്രീയ പ്രവര്‍ത്തകരും വേട്ടയാടുകയാണ്. തമിഴ്നാട്ടിലെ മുഖ്യനേതാക്കളോട് മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.