ലാവോസ് മനുഷ്യക്കടത്ത്: കിഴക്കനേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെത്ര?
text_fieldsതിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനായി ഏജന്റുമാർ വഴി റിക്രൂട്ട് ചെയ്ത് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് കടത്തിയ മലയാളികളെത്രയെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലാതെ അധികൃതർ. ഒന്നരവർഷത്തിനിടെ മ്യാൻമർ, തായ്ലൻഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസയിൽ പോയവരിൽ തിരിച്ചുവരാത്ത നിരവധിപേരുണ്ടെന്നാണ് കണക്കാക്കുന്നത്. മടങ്ങിവരാത്തവരുടെ വിവരങ്ങൾ ശേഖരിക്കാനും കാണാതായവർ എവിടെയാണെന്ന് പരിശോധിക്കാനും സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, തൊഴിൽ വിസയോ മറ്റ് അംഗീകൃത രേഖകളോ ഉപയോഗിച്ച് പോകുന്നവരെ കുറിച്ച് മാത്രമേ കൃത്യമായ വിവരം ലഭിക്കൂ എന്നതാണ് വെല്ലുവിളി.
അടുത്തിടെയായി വിനോദസഞ്ചാര രംഗത്ത് കൂടുതൽ പ്രചാരമുള്ള സ്ഥലങ്ങളാണിവ. യാത്രാനിരക്കും ദൈനംദിന ചെലവും കുറവായതിനാൽ ഇവിടങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ടൂറിസം വിസയിൽ എത്തുന്നവരെ നിയമവിരുദ്ധമായി തായ്ലൻഡിൽ നിന്ന് അതിർത്തി കടത്തി ലാവോസിൽ കൊണ്ടുപോയി സൈബർ കുറ്റകൃത്യങ്ങൾക്ക് നിർബന്ധിക്കുകയാണ്. ദുബൈ, ബാങ്കോക്ക്, സിങ്കപ്പൂർ, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലെ ഏജന്റുമാർ ഉയർന്ന ശമ്പളവും ഹോട്ടൽ താമസവും മടക്കയാത്ര ടിക്കറ്റുകളും വാഗ്ദാനം ചെയ്ത് അഭിമുഖം നടത്തി കൊണ്ടുപോയവരുമുണ്ട് ഇക്കൂട്ടത്തിൽ. സൈബർ തട്ടിപ്പിന് കൂട്ടുനിൽക്കാത്തവരെ തടവിലാക്കി പീഡിപ്പിക്കുകയാണെന്ന വിവരം രക്ഷപ്പെട്ടെത്തിയവർ മൊഴി നൽകിയിട്ടുണ്ട്. തടവിലാക്കിയ രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചിരുന്നു. കിഴക്കനേഷ്യൻ രാജ്യങ്ങളിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് തിരുവനന്തപുരത്തും ലാവോസ് മനഷ്യക്കടത്ത് സംബന്ധിച്ച് കൊച്ചിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എങ്കിലും എത്ര മലയാളികൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. കഴിഞ്ഞ 18 മാസത്തിനിടെ ഈ രാജ്യങ്ങളിൽ നിന്ന് ഇത്തരം റാക്കറ്റുകളിൽ ഉൾപ്പെട്ട 120 ഓളം മലയാളികളെ തിരിച്ചെത്തിച്ചതായി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.