മന്ത്രിക്കസേരയിൽ അവസാനദിവസം; നേട്ടങ്ങളെണ്ണി കെ.രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങൾക്കായി ചെയ്ത കാര്യങ്ങൾ എണ്ണിപ്പറഞ്ഞും ചെയ്യാനുദ്ദേശിച്ച കാര്യങ്ങൾ അടിവരയിട്ടും നിയമസഭയിലെ അവസാന ചോദ്യോത്തര ദിനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രി എന്ന നിലയിൽ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള അവസാന ഊഴമായിരുന്നു ചൊവ്വാഴ്ച. 17നുള്ളിൽ രാജിവെക്കണം. ലോക കേരള സഭ നടക്കുന്നതിനാൽ ഇനി നിയമസഭ ചേരുന്നത് 19നാണ്.
സ്വയംപര്യാപ്തരാക്കി ആദിവാസി വിഭാഗങ്ങളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിട്ടതെന്നും ഇതിന് ഫലംകണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാനത്തെ 26 മോഡൽ സ്കൂളിലാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നവരുള്ളത്. ഈ 26 സ്കുളുകൾക്കും വിജയം 100 ശതമാനമാണ്. 691 വിദ്യാർഥികളെ വിദേശ സർവകലാശാലകളിലേക്ക് ഉപരിപഠനത്തിനയച്ചു. 285 കുട്ടികൾ കൂടി ഉടൻ പോകും.
ഒരു വിദ്യാർഥിയെ വിദേശത്തയക്കാൻ ചെലവ് 25 ലക്ഷമാണ്. അഞ്ച് കുട്ടികൾ കൊമേഴ്സ്യൽ പൈലറ്റുമാരായി. ഒരാളെ കൊമേഴ്സ്യൽ പൈലറ്റാക്കുന്നതിന് 25.50 ലക്ഷമാണ് ചെലവ്. വിദ്യാർഥികൾക്കുള്ള ഇ-ഗ്രാന്റിൽ കുറച്ച് കുടിശ്ശികയുണ്ട്. അത് കൊടുത്തുതീർക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചോദ്യോത്തരവേള അവസാനിക്കവെ മന്ത്രി എം.ബി. രാജേഷാണ് കെ. രാധാകൃഷ്ണന്റെ അവസാന മറുപടി ദിവസമാണെന്ന കാര്യം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. ‘പാർലമെന്ററി കാര്യമന്ത്രി അടുത്ത ദിവസങ്ങളിൽ സഭയിലുണ്ടാകുമോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന്’ സ്പീക്കർ. ഇതോടെ ഇനി 15 ാം നിയമസഭയിൽ ഉണ്ടാകില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.