തൃക്കാക്കരയിൽ ആവേശത്തിരയിളക്കി കലാശക്കൊട്ട്; വോട്ടെടുപ്പ് ചൊവ്വാഴ്ച
text_fieldsകൊച്ചി: മണ്ഡലത്തിൽ ആവേശത്തിരയിളക്കിയ കലാശക്കൊട്ടോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഒരു മാസം നീണ്ട പരസ്യപ്രചാരണത്തിന് സമാപനം. ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച മണ്ഡലമാകെ ചുറ്റിയുള്ള റോഡ് ഷോയോടെ സമാപനം കൊട്ടിക്കലാശമാക്കി മാറ്റി മൂന്നു മുന്നണികളും പ്രചാരണം അവസാനിപ്പിച്ചു. പാലാരിവട്ടത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലത്തായിരുന്നു കൊട്ടിക്കലാശം. മുന്നണികളുടെ നൂറുകണക്കിന് പ്രവർത്തകർ സ്ഥലത്തെത്തി.
ഇനി നിശ്ശബ്ദ പ്രചാരണമാണ്. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് ശേഷം ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിന് നടക്കും.
പതിവില്ലാത്തവിധം മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണ പ്രവർത്തനങ്ങളാൽ ഏറെ രാഷ്ടീയ പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പ് സംസ്ഥാന - ദേശീയ നേതാക്കളുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു. വികസനം അജണ്ടയായി പ്രഖ്യാപിച്ചെങ്കിലും വിവാദങ്ങൾക്കായിരുന്നു പ്രചാരണ രംഗത്ത് മുൻതൂക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കൾതന്നെ വിവാദ പരാമർശങ്ങളുയർത്തിയത് രംഗം ചൂടുപിടിപ്പിച്ചു.
സഭ സ്ഥാനാർഥിയെന്ന ആരോപണം മുതൽ ഇടത് സ്ഥാനാർഥിക്കെതിരെ പ്രചരിച്ച വ്യാജ അശ്ലീല ദൃശ്യങ്ങൾ വരെ മണ്ഡലത്തിൽ വിവാദങ്ങൾ തൊടുത്തുവിട്ടു. ഇടത് - വലത് ചേരികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരിട്ട് നേതൃത്വം കൊടുത്ത പ്രചാരണ കോലാഹലങ്ങളാണ് മണ്ഡലം ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.