ഷാജി പൂത്തട്ടക്ക് നാടിന്റെയും ശിഷ്യരുടെയും യാത്രാമൊഴി; അന്ത്യചുംബനം നൽകി മാതാവ്
text_fieldsകണ്ണൂർ: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ജീവനൊടുക്കിയ മാർഗംകളി വിധികർത്താവും നൃത്താധ്യാപകനുമായ ഷാജി പൂത്തട്ടക്ക് നാടിന്റെയും ശിഷ്യരുടെയും യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും സഹപ്രവർത്തകരുമടക്കം നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.
നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, മേയർ മുസ്‍ലിഹ് മഠത്തിൽ, യുവജന കമീഷൻ ചെയർമാൻ എം. ഷാജർ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽകരീം ചേലേരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. 10.30ഓടെ പയ്യാമ്പലത്ത് സംസ്കരിച്ചു.
കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുസമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ (51) ബുധനാഴ്ച വൈകീട്ട് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്നും പണം വാങ്ങി വിധിനിർണയം നടത്തിയിട്ടില്ലെന്നും പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു.
കേസിൽ മൊഴിയെടുക്കാനായി വ്യാഴാഴ്ച തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ വിളിപ്പിച്ചതിനിടയിലാണ് ഷാജിയെ കിടപ്പുമുറിയിൽ വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടത്. മരണകാരണം കീടനാശിനി അകത്തു ചെന്നതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഷാജി മരിച്ചുകിടന്ന മുറിയിൽനിന്ന് കീടനാശിനിയുടെ കുപ്പിയും ഇത് ഒഴിച്ച ഗ്ലാസും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഫോൺ വിശദമായി പരിശോധിക്കും. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.