ആന്‍റണിയും ഡോ. ദയയും തൊടുത്തുവിട്ടത് ആയുധമാക്കി അവസാന ലാപ്പിലെ പടയോട്ടം
text_fieldsകൊച്ചി: പ്രതിയോഗിയുടെ പ്രചാരണ തന്ത്രവും വീഴ്ചകളും ആയുധമാക്കി അവസാന നാളുകളിൽ തൃക്കാക്കരയിൽ മുന്നണികളുടെ പടയോട്ടം. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയും ഇടത് സ്ഥാനാർഥി ജോ ജോസഫിന്‍റെ ഭാര്യ ഡോ. ദയ പാസ്കലും തൊടുത്തുവിട്ട വിഷയങ്ങളിലൂന്നിയാണ് പ്രചാരണം മുന്നേറുന്നത്.
മഴക്കെടുതിയും വിലക്കയറ്റവുമുൾപ്പെടെ ജനം ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയടക്കം ഭരണകൂടം മുഴുവൻ തൃക്കാക്കരയിൽ തമ്പടിച്ചതിനെ വിമർശിച്ച ആന്‍റണിയുടെ പ്രസ്താവനയാണ് യു.ഡി.എഫിന് പ്രധാന പ്രചാരണ ആയുധം. '99 സീറ്റ് പോരെ, എന്തിനാണ് ജനത്തെ ദുരിതത്തിലാക്കി സെഞ്ച്വറി തികക്കാൻ ഭരണകൂടം തൃക്കാക്കരയിൽ തമ്പടിക്കുന്നത്' ആന്‍റണിയുടെ ചോദ്യം വോട്ടർമാരിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പല ഘട്ടങ്ങളിലും ഈ വിഷയം മറ്റു പല നേതാക്കളും സൂചിപ്പിച്ചെങ്കിലും തിരിച്ചടി ഭയന്ന് പ്രധാന വിഷയമാക്കിയിരുന്നില്ല. പകരം ഇടത് നേതാക്കളുടെ ജാതി- മതം തിരിച്ചുള്ള ഭവന സന്ദർശനങ്ങളെ വിമർശിക്കുന്നതിലൊതുക്കി. വിവിധ മതസ്ഥർ ഇടകലർന്ന് ജീവിക്കുന്ന ഇവിടെ ഇത് സാധ്യമല്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതവും പരാജയഭീതി മൂലവുമാണെന്നും എൽ.ഡി.എഫ് തിരിച്ചടിച്ചു.
എന്നാൽ, ഒരുപടി കൂടി കടന്ന് നേതാക്കൾ അനാവശ്യമായി മണ്ഡലത്തിൽ തങ്ങുന്നതിനെ ജനകീയ പ്രശ്നങ്ങൾക്കാപ്പം കൂട്ടിക്കെട്ടിയുള്ള ആന്‍റണിയുടെ വിമർശനം കുറച്ചുകൂടി മൂർച്ചയുള്ളതായി. ആരോപണത്തെ ശക്തമായി നേരിടാൻ ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടുമില്ല.
പി.ടിയുടെ ഭാര്യ ഉമ സ്ഥാനാർഥിയായതോടെ സഹതാപ തരംഗത്തെ തടയിടാൻ പര്യാപ്തമായ ആയുധങ്ങളൊന്നും എൽ.ഡി.എഫ് പക്കലുണ്ടായിരുന്നുമില്ല. ഉപതെരഞ്ഞെടുപ്പിനെ സുവർണാവസരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം എൽ.ഡി.എഫിനെ കൂടുതൽ പ്രതിരോധത്തിലാക്കി. സ്ത്രീ വോട്ടർമാരിൽ നല്ല പങ്ക് ഉമക്ക് വോട്ട് ചെയ്യാനുള്ള സാധ്യതയും എൽ.ഡി.എഫ് മുന്നിൽ കണ്ടിരുന്നു. ഇതിനിടെയാണ് ഇടത് സ്ഥാനാർഥിയുടേതെന്ന പേരിൽ അശ്ലീല വിഡിയോ പ്രചരിച്ചത്. ഇതിന് പിന്നിൽ യു.ഡി.എഫാണെന്ന് പ്രചരിച്ചതോടെ യു.ഡി.എഫിന് അൽപം പ്രതിരോധത്തിലേക്ക് പോകേണ്ടി വന്നു. ഇതിന് പിന്നാലെ ഭർത്താവിനെതിരെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ. ദയ പാസ്കൽ മാധ്യമങ്ങൾക്ക് മുന്നിൽ വൈകാരിക പ്രസ്താവനയുമായെത്തി. തെരഞ്ഞെടുപ്പ് 31ന് കഴിയുമെന്നും തനിക്കും കുട്ടികളടക്കം കുടുംബത്തിനും മാന്യമായി ജീവിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്നുമുള്ള അവരുടെ പ്രസ്താവന ഏറെ ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.