കഴിഞ്ഞ വർഷം ഗവ. കോളജുകളിൽ നടന്നത് എട്ട് അധ്യാപക നിയമനങ്ങൾ മാത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ കഴിഞ്ഞ വർഷം (2022) പി.എസ്.സി വഴി നടന്നത് എട്ട് അധ്യാപക നിയമനങ്ങൾ മാത്രം. സമീപകാല ചരിത്രത്തിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് അധ്യാപക നിയമനങ്ങൾ നടന്ന വർഷമാണിത്. കോളജ് അധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റം വരുത്തി 2020ൽ ധനവകുപ്പിന്റെ സമ്മർദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവാണ് അധ്യാപക നിയമനം കുത്തനെ ഇടിയാൻ കാരണമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തിനകത്തും പുറത്തും ഗവേഷണമുൾപ്പെടെ ഉപരിപഠനം നടത്തുന്ന മലയാളി വിദ്യാർഥികളുടെ പ്രധാന ജോലി അവസരങ്ങളിലൊന്നാണ് കോളജ് അധ്യാപക തസ്തിക. ജോലിഭാരത്തിൽ മാറ്റം വരുത്തിയുള്ള ഉത്തരവിറങ്ങിയപ്പോൾ തന്നെ അധ്യാപക, ഗവേഷക മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഉത്തരവിറങ്ങി മൂന്നുവർഷം പിന്നിട്ടപ്പോൾ പുറത്തുവന്ന കണക്കുകൾ. നിയമസഭയിൽ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു രേഖാമൂലം നൽകിയ മറുപടിയിലൂടെയാണ് അധ്യാപക നിയമനത്തിന്റെ എണ്ണം പുറത്തുവന്നത്.
66 ആർട്സ് ആൻഡ് സയൻസ് കോളജ്, നാല് മ്യൂസിക് കോളജ്, നാല് ടീച്ചർ ട്രെയിനിങ് കോളജ്, ഒരു ഫിസിക്കൽ എജുക്കേഷൻ കോളജ് എന്നിങ്ങനെ മൊത്തം 75 കോളജുകളാണ് കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സർക്കാർ മേഖലയിലുള്ളത്. 2011 മുതൽ 2020 വരെ സർക്കാർ കോളജുകളിൽ 2150 അധ്യാപക നിയമനങ്ങളാണ് നടന്നത്. പ്രതിവർഷം ശരാശരി 215. ഇതാണ് വൻതോതിൽ കുറഞ്ഞത്.
2020ൽ കോളജുകളിൽ 159 അധ്യാപക നിയമനങ്ങളാണ് നടന്നത്. ഉത്തരവ് പ്രാബല്യത്തിൽ വന്നതിന്റെ തൊട്ടടുത്ത വർഷം 58 അധ്യാപക തസ്തികകളിലേക്ക് മാത്രമാണ് പി.എസ്.സി നിയമനം നടന്നത്. ഇത് 2022ൽ കേവലം എട്ടായി. സർക്കാർ കോളജുകളിലെ അസി. പ്രഫസർ നിയമനത്തിനായി 27 വിഷയങ്ങളിൽ റാങ്ക് പട്ടിക നിലവിലുണ്ട്. ഇവരുടെ നിയമന സാധ്യത പോലും കുറക്കുന്നതാണ് 2020ലെ ഉത്തരവ്.
ഇല്ലാതാകുന്നത് മൂന്നിലൊന്ന് അധ്യാപക തസ്തികകൾ
2020 ഏപ്രിൽ ഒന്നിനും മേയ് 25നുമാണ് കോളജ് അധ്യാപക തസ്തികകളുടെ എണ്ണം കുറക്കാൻ വഴിയൊരുക്കുന്ന രീതിയിൽ ജോലിഭാരത്തിൽ മാറ്റം വരുത്തിയുള്ള ഉത്തരവുകളിറങ്ങിയത്. ഇതുവഴി കാലക്രമത്തിൽ മൂന്നിലൊന്ന് അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. അധ്യാപക നിയമനത്തിന് ആഴ്ചയിൽ 16 മണിക്കൂറാണ് ജോലിഭാരം.
കൂടുതലായി ഒമ്പത് മണിക്കൂറോ അതിലധികമോ ജോലി ഭാരമുണ്ടെങ്കിൽ അതേ വിഷയത്തിൽ രണ്ടാമത്തെ തസ്തികക്ക് അർഹതയുണ്ടായിരുന്നു. 2020ലെ ഉത്തരവിലൂടെ രണ്ടാമത്തെ തസ്തികക്കും 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കി. കോളജുകളിൽ ഏക അധ്യാപകനുള്ള വിഷയങ്ങളിലെ നിയമനത്തിന് 16 മണിക്കൂർ ജോലിഭാരം ആവശ്യമില്ലായിരുന്നു. 2020 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇത്തരം നിയമനത്തിനും 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കി. ഇതിനു പുറമെ, പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജ് എടുത്തുകളയുകയും ചെയ്തു.
16 മണിക്കൂറിൽ കുറവ് ജോലിഭാരമുള്ള തസ്തികകളിൽ താൽക്കാലിക അധ്യാപക നിയമനം മതിയെന്നാണ് ഉത്തരവ്. ഇതോടെ, അധ്യാപകർ വിരമിച്ചുണ്ടാകുന്ന തസ്തികകളിൽ മൂന്നിലൊന്ന് ഇല്ലാതാകും. പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കാനും ഏകാധ്യാപക വിഷയങ്ങളിൽ 16 മണിക്കൂർ നിർബന്ധമാക്കിയത് പിൻവലിക്കാനും സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് നൽകിയെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.