വീട്ടിലെ പശുക്കളെ പറ്റി അറിയാം; ബയോഡാറ്റയും ലൊക്കേഷനും ഒറ്റ ക്ലിക്കില്
text_fieldsതിരുവനന്തപുരം: പാടത്തും പറമ്പിലും മേയുന്ന പശുക്കളുടെ 'ബയോഡാറ്റയും' 'ലൊക്കേഷനും' ഇനി ഒറ്റ ക്ലിക്കിൽ മൃഗസംരക്ഷണ വകുപ്പിന് അറിയാം. ഉടമ ആരാണെന്നും തൊഴുത്ത് എവിടെയാണെന്നുവരെ കണ്ടെത്താം. ജനനം, പ്രസവം, ചികിത്സ, രോഗനിവാരണം, വിൽപന, കൈമാറ്റം, ഇൻഷുറൻസ് എന്നിവയും അറിയാം. ഇതിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് (ആർ.എഫ്.ഐ.ഡി) ടാഗുകളും ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) മാപ്പിങ്ങും ഉൾപ്പെടുത്തി പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പാക്കുന്നു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് മൃഗസംരക്ഷണവകുപ്പും ഡിജിറ്റൽ സർവകലാശാല കേരളയും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. നിലവിൽ കന്നുകാലികളെ തിരിച്ചറിയാൻ 12 അക്ക പ്ലാസ്റ്റിക് ഇയർ ടാഗുകളാണ് മൃഗസംരക്ഷണ വകുപ്പ് ഉപയോഗിക്കുന്നത്.
ഇതിൽ ഉപയോഗിക്കുന്ന മൈക്രോ ചിപ്പുകൾ 15 അക്ക തിരിച്ചറിയൽ നമ്പ൪ ഉൾപ്പെടുന്ന ഒരു നെൽമണിയുടെ വലുപ്പമുള്ളതാണ്. അണുമുക്തമാക്കിയ ഡിസ്പോസിബിൾ സിറിഞ്ച് ഉപയോഗിച്ച് പശുവിന്റെ ഇടതുചെവിയുടെ ചർമത്തിന് കീഴിൽ പതിപ്പിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ചിപ്പ് ഒരിക്കൽ ഘടിപ്പിച്ചാൽ അത് ജീവിതാവസാനം വരെ ശരീരത്തിലുണ്ടാകും. പോസ്റ്റ്മോർട്ടത്തിനും മാംസ പരിശോധനയ്ക്കും വേണ്ടി കന്നുകാലികളുടെ മരണശേഷവും ടാഗിലൂടെ വിവരങ്ങൾ കണ്ടെത്താനും കഴിയും. ഒരു ടാഗിന് കുറഞ്ഞത് 200 രൂപ വിലവരും. ഇലക്ട്രോണിക് വെറ്ററിനറി റെക്കോഡിലൂടെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് ഉപയോഗിക്കാം.
14 ലക്ഷം കന്നുകാലികൾ, 15 ലക്ഷം ആടുകൾ
തിരുവനന്തപുരം: 2020 ലെ ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 14 ലക്ഷം കന്നുകാലികളും 15 ലക്ഷം ആടുകളും ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്തെ കന്നുകാലി ജനസംഖ്യയുടെ 94 ശതമാനം സങ്കരയിനം പശുക്കളാണ്. പ്രതിദിനം ശരാശരി 10.2 ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്ന ഉൽപാദനക്ഷമത കൂടിയ ഇത്തരം സങ്കരയിനം പശുക്കൾക്ക് പകർച്ചവ്യാധികളും ഉപാപചയ രോഗങ്ങളും ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ട്. കൃത്യമായ ആനിമൽ ഐഡന്റിഫിക്കേഷൻ സംവിധാനത്തിലൂടെ സമ്പൂർണമായ ഡേറ്റാബേസ് സൃഷ്ടിക്കലാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.