സൈക്കിളില്ലാത്ത കുട്ടിക്കാലവും ബെല്ലും ബ്രേക്കുമില്ലാത്ത മനുഷ്യത്വവും; ഒരു നന്മയുടെ കഥ...
text_fieldsസൈക്കിൾ ഓടിക്കാൻ ആഗ്രഹമില്ലാത്ത കുട്ടിക്കാലത്തിലൂടെ ആരെങ്കിലും കടന്നുവന്നിട്ടുണ്ടാകുമോ. സൈക്കിളിൽ തുടങ്ങുന്ന ആഗ്രഹങ്ങളായിരിക്കും പലരെയും ജീവിതത്തിന്‍റെ ഉയരങ്ങളിലേക്ക് വരെ കൊണ്ടെത്തിച്ചിട്ടുണ്ടാവുക. സൈക്കിളില്ലാത്ത ഒരു കുട്ടിക്കാലത്തിന്‍റെ ഓർമകൾ സഹൃദയരായ രണ്ട് മനുഷ്യരെ നന്മനിറഞ്ഞ പ്രവൃത്തിയിലേക്ക് നയിച്ചതിന്‍റെ അനുഭവമാണ് അട്ടപ്പാടി സ്വദേശിയായ ലത്തീഫ് അട്ടപ്പാടി പങ്കുവെക്കുന്നത്.
ഒരു മൂന്നാംക്ലാസുകാരൻ അയലത്തെ സൈക്കിൾ എടുത്തതുമായി ബന്ധപ്പെട്ട് ഷോളയൂർ സ്റ്റേഷനിൽ പരാതി എത്തുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ വിനോദ് കൃഷ്ണ പ്രശ്നം രമ്യമായി പരിഹരിക്കുകയും മനുഷ്യത്വപരമായി ഇടപെടലിലൂടെ ഹൃദയങ്ങൾ കീഴടക്കിയതുമാണ് അട്ടപ്പാടി ഗൂളിക്കടവിലെ സൈക്കിൾ കടയുടമ കൂടിയായ ലത്തീഫ് അട്ടപ്പാടി പങ്കുവെച്ചത്.
ലത്തീഫ് അട്ടപ്പാടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം...
ഷോളയൂർ പൊലീസ് ലിമിറ്റിൽ ഒരു മൂന്നാം ക്ലാസുകാരൻ അയലത്തെ വീട്ടിലെ പുതിയ സൈക്കിൾ ഓടിക്കാനായി കുഞ്ഞു മനസിലെ ആഗ്രഹം കൊണ്ട് എടുത്ത് കൊണ്ടുപോയി
എന്നാലത് മോഷണ കുറ്റമായി ഷോളയൂർ പോലീസ് സ്റ്റേഷനിൽ പരാതിയായി. പൊലീസ് രമ്യമായി പരാതി പരിഹരിച്ച് പരാതിക്കാർക്ക് സൈക്കിൾ തിരിച്ച് നൽകി
എന്നാൽ ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീ വിനോദ് കൃഷ്ണ സൈക്കിൾ കൊണ്ടുപോയ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കി. അദ്ദേഹം ഗൂളിക്കടവിലെ എന്‍റെ കടയിൽ വന്ന് പുതിയൊരു സൈക്കിൾ വാങ്ങി കുട്ടിക്ക് കൊടുക്കുവാൻ തീരുമാനിച്ചു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ നന്മയും അനുഭവവും ഞാനും മനസ്സിലാക്കി
പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയം ഞാൻ വന്നേരി ഹൈസ്കൂളിന് മുന്നിലെ കടയിൽ നിന്ന് വാടകക്കെടുത്ത് ഓടിച്ചതും സി.ഐ യുടെ ചെറുപ്പത്തിൽ സൈക്കിളില്ലാത്ത കഥ അദ്ദേഹവും പങ്ക് വെച്ചു.
ഇല്ലായ്മയുടെ അനുഭവം എല്ലാവരുടേയും ഒന്ന് പോലെയാണ്
വളരെ നിർബന്ധിച്ച് എന്‍റെ വക അദ്ദേഹത്തിന് ഞാനൊരു സൈക്കിൾ നൽകി കുട്ടിക്ക് കൊടുക്കുവാൻ അഭ്യർഥിച്ചു.
എന്തൊക്കെ പരാതികളുണ്ടങ്കിലും ഇത്തരത്തിലുള്ള നൻമയുളള പൊലീസ് ഓഫിസർമാർ നമ്മുടെ കാവൽക്കാരായി ഉണ്ട് എന്നുള്ളതിൽ നമുക്കഭിമാനിക്കാം.
ആഗ്രഹിച്ച സൈക്കിൾ നാളെ ആ കുട്ടിക്ക് കൈമാറുമ്പോൾ പിള്ള മനസ്സിലെ സന്തോഷത്തിന് കാരണക്കാരായ ഷോളയൂർ പൊലിസ് സ്റ്റേഷനിലെ സി.ഐ വിനോദ് കൃഷ്ണക്കും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.