യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ലാത്തിച്ചാർജ്, പ്രവർത്തകന്‍റെ കൈയൊടിഞ്ഞു; ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ കളമശേരി സ്റ്റേഷൻ ഉപരോധിച്ചു
text_fieldsകളമശേരി: മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ നേരിടുന്ന പൊലീസ് നടപടികൾ അതിര് കടക്കുന്നുവെന്ന് ആരോപിച്ച് കളമശേരിയിൽ നടന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ്. ലാത്തിച്ചാർജിൽ എട്ട് യൂത്ത് പ്രവർത്തകർക്ക് പരിക്കേറ്റു.
ഒരു പ്രവർത്തകന്‍റെ കൈയൊടിയുകയും മറ്റൊരാളുടെ തലക്ക് അടിയേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പ്രവർത്തകരെ അനുനയിപ്പിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എയെയും പൊലീസ് ആക്രമിച്ചെന്ന് പരാതി ഉയർന്നിട്ടുണ്ട്. സംഘർഷത്തിൽ നാല് പൊലീസുകാർക്കും പരിക്കേറ്റു.
സമാധാനപരമായി സമരം ചെയ്ത പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രവർത്തകർക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് നടത്തിയത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന പ്രവർത്തകനെ ബസിൽ വെച്ച് തല അടിച്ച് പൊട്ടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും പൊലീസ് തയാറായില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, മാർച്ച് നടത്തിയ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷൻ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു. ഹൈബി ഈഡൻ എം.പി, ഷാഫി പറമ്പിൽ, എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ ഉപരോധിച്ചത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിൽ പിന്നീട് ഉപരോധം അവസാനിപ്പിച്ചു.
എം.എൽ.എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, കളമശേരി നഗരസഭ ചെയർമാൻ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.