സീറ്റ് നിഷേധം: തല മുണ്ഡനംചെയ്ത് പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനുപിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്ത മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തല മുണ്ഡനംചെയ്ത് പ്രതിഷേധിച്ചു. തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് പട്ടിക പ്രഖ്യാപിക്കുന്നത് കാത്ത് ലതികാ സുഭാഷും ഉണ്ടായിരുന്നു. പട്ടിക പ്രഖ്യാപിച്ചുകഴിഞ്ഞ് വാർത്താ സമ്മേളനത്തിനുശേഷമായിരുന്നു പരസ്യപ്രതിഷേധം. ഏറെ വൈകാരികമായി പ്രതിഷേധങ്ങൾക്കുശേഷമായിരുന്നു കെ.പി.സി.സി ആസ്ഥാനത്തിനുമുന്നിൽവച്ച് അവർ പരസ്യമായി തല മുണ്ഡനംചെയ്തത്.
സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾ തഴയപ്പെട്ടെന്ന് വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. 14 ജില്ലകളിൽ 14 സ്ഥാനാർഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവർ പറഞ്ഞു.
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് എൽ.ഡി.എഫിലേക്കുപോയപ്പോൾ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവിടെ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് പാർട്ടി നേതാക്കളെ അറിയിച്ചിരുന്നു. ജനിച്ചുവളർന്ന മണ്ണിൽ മത്സരിക്കാൻ ഏറെ താൽപ്പര്യവും ഉണ്ടായിരുന്നു. ഇക്കാര്യം ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞിരുന്നതായും ലതികാ സുഭാഷ് പറഞ്ഞു. ഏറ്റുമാനൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ വൈപ്പിനിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അവർ പറയുന്നു. തന്‍റെ ഭർത്താവിന്‍റെ നാടായ വൈപ്പിനിൽ നിന്ന് പ്രവർത്തകർ ഫോണിൽ വിളിച്ച് തന്നെ സ്വാഗതം ചെയ്തതായും അവിടേയും സീറ്റ് ലഭിക്കാത്തത് കടുത്ത അനീതിയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.