തീവ്രവാദികളെന്ന വിളി പ്രകോപനമുണ്ടാക്കി; സർക്കുലറുമായി ലത്തീൻ അതിരൂപത
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് തീവ്രവാദികളെന്ന വിളി പ്രകോപനമുണ്ടാക്കിയെന്ന് ലത്തീൻ അതിരൂപത സർക്കുലർ. വിഴിഞ്ഞത്തെ സംഘർഷം വിശദീകരിക്കുന്ന സർക്കുലറിലാണ് പരാമർശം. തീവ്രവാദികളായി ചിത്രീകരിച്ചതാണ് പെട്ടന്നുണ്ടായ പ്രകോപനത്തിന് കാരണമെന്ന് സർക്കുലറിൽ പറയുന്നു. സംഘർഷം അപലപനീയമാണ്. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. സംഘർഷത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം, സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്ക ബാവയുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ചർച്ചക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
ചർച്ചയിൽ പദ്ധതി നിർത്തിവെച്ചുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ലെന്ന സൂചന സർക്കാർ നൽകിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി വരുമ്പോള്‍ ഉണ്ടാകാൻ സാധ്യതയുള്ള തീരശോഷണത്തെ കുറിച്ച് പഠിക്കാൻ സർക്കാർ ഒരു വിദഗ്ധ സമിതിയെ തീരുമാനിച്ചിരുന്നു. എന്നാൽ സമിതിയുടെ ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് അന്തിമ തീരുമാനം ആയിരുന്നില്ല.
ഈ സമിതിയിലേക്ക് സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെ അവർ മുന്നോട്ട് വെച്ചതാണ് ഇത് അംഗീകരിക്കാമെന്നാണ് സർക്കാറിന്റെ നിലപാട്. വിഴിഞ്ഞ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ തുടർ നടപടിയുണ്ടാകില്ലെന്ന ഉറപ്പും സർക്കാർ നൽകിയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.