ചിരിയും വരയും ബാക്കി, ബാദുഷ ഓർമകളിൽ
text_fieldsകൊച്ചി: പരിചയപ്പെടുന്ന ഏതൊരാൾക്കും നിറഞ്ഞ ചിരിയും ചിരിപ്പിക്കുന്ന ഒരു കാരിക്കേച്ചറും നൽകി എന്നന്നേക്കും മനസ്സിൽ ഇടംപിടിക്കും ഇബ്രാഹിം ബാദുഷ എന്ന കാർട്ടൂൺമാൻ. ഒരു മിനിറ്റുകൊണ്ട് ഏതൊരാളും ബാദുഷയുടെ വെള്ളക്കടലാസിൽ കറുത്ത വരകളിൽ ജീവൻ തുടിക്കും ചിത്രമായി മാറും. കോവിഡ് ബോധവത്കരണ കാർട്ടൂണുകൾകൊണ്ട് ലോക്ഡൗൺ നാളുകളിൽപോലും സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞുനിന്ന അദ്ദേഹത്തിെൻറ അപ്രതീക്ഷിത വിടവാങ്ങലിെൻറ ഞെട്ടലിൽനിന്ന് മാറിയിട്ടില്ല സുഹൃത്തുക്കളും നാട്ടുകാരും.
പ്ലസ് ടു പഠനത്തിനുശേഷം ബാലസാഹിത്യകാരൻ വേണു വാരിയത്തിെൻറകൂടെ കൂടിയതാണ് ബാദുഷയെ വരയുടെ ലോകത്തേക്ക് വഴിതെളിച്ചത്. ആലുവ-പെരുമ്പാവൂർ റൂട്ടിൽ മാറമ്പള്ളിയിൽ വേണു വാരിയത്തിെൻറ വീടിനടുത്തായിരുന്നു ബാദുഷയുടെ കുടുംബം താമസിച്ചിരുന്നത്.
''12 വർഷം എന്നോടൊപ്പം ബാദുഷ ജോലിചെയ്തിരുന്നു. കമ്പ്യൂട്ടർ ഉപയോഗിച്ച് ഡി.ടി.പി വർക്ക് ചെയ്ത് പുതിയ ടെക്നോളജിയിലേക്ക് എന്നെ കൊണ്ടുപോയത് ബാദുഷയാണ്. ഡൽഹിയിൽനിന്ന് ഇറങ്ങിയിരുന്ന ചമ്പക് മാസികക്ക് ചിത്രം വരച്ചിരുന്നതിൽനിന്നാണ് ആ തുടക്കം''-വേണു വാരിയത്ത് ഓർക്കുന്നു.പിന്നീട് ചെന്നൈയിൽനിന്ന് ഇറങ്ങിയ ട്രിനിറ്റി മിറർ പത്രത്തിനായി 'വരച്ചു പഠിക്കാം' കോളത്തിലേക്ക് ആദ്യമായി ബാദുഷ വരച്ചുതുടങ്ങി.
സ്ഥിരോത്സാഹത്തിലൂടെ പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുത്ത് അവ ചിത്രകലയിലേക്ക് സന്നിവേശിപ്പിച്ചായിരുന്നു പിൽക്കാല വളർച്ച. തമിഴ്, അറബി, ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങളിൽനിന്ന് മൃഗങ്ങളുടെ ചിത്രങ്ങൾ വരക്കുന്നത് ഏറെ ശ്രദ്ധ നേടി.
2ൽനിന്ന് പൂച്ച, 3ൽനിന്ന് എലി തുടങ്ങി അക്കങ്ങളിൽനിന്നും അക്ഷരങ്ങളിൽനിന്നും ബാദുഷ സ്വയം ചിത്രകലയുടെ പുതിയ മാനങ്ങൾ കണ്ടെത്തി. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ചിത്രകലയിലേക്ക് ആകർഷിക്കുംവിധം എളുപ്പം വരക്കാവുന്ന വിദ്യകൾ നൂറുകണക്കിന് ക്ലാസുകളിലൂടെ പകർന്നുനൽകി.
ആമിർ ഖാൻ, വിജയ് ദേവരകൊണ്ടെ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി അനേകം സിനിമതാരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രാഷ്ട്രീയക്കാരും സദാ ചിരിതൂകുന്ന ഈ യുവാവിന് മുന്നിൽ കാരിക്കേച്ചറിനായി അനങ്ങാതെ നിന്നു.
നാട്ടിലെ സാധാരണക്കാരും തൊഴിലാളികളും തോട്ടുമുഖം അൽസാജ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുംവരെ ബാദുഷ വരച്ച സ്വന്തം കാരിക്കേച്ചറുകൾ സ്വന്തമാക്കി.
2013ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എത്തിയ കൊറിയൻ സംവിധായകൻ കിം കി ഡുകിെൻറ കാരിക്കേച്ചർ ബാദുഷ വരച്ചുനൽകി. ഉടൻ തിരിച്ച് ബാദുഷയെയും വരച്ചുനൽകി കിം അമ്പരപ്പിക്കുകയും ചെയ്തു.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഗൾഫിലും നിരവധി സ്കൂളുകളിൽ ചിത്രകല ക്ലാസുകൾ അദ്ദേഹം നയിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളിലെ ചിത്രങ്ങൾ ബാദുഷയുടെ വിരൽത്തുമ്പിൽനിന്ന് പിറന്നു.
കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനായിരിക്കെ പുതിയ അനേകം കാർട്ടൂണിസ്റ്റുകളെ കൂട്ടിയിണക്കി. പ്രളയകാലത്തും കോവിഡുകാലത്തും കാരിക്കേച്ചറുകൾ വരച്ചുനൽകി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
വരയുടെ ലോകത്തുനിന്ന് മടങ്ങിയ ബാദുഷയുടെ കുരുന്നുകളായ മൂന്നുമക്കൾ അറിയുന്നവർക്കെല്ലാം നൊമ്പരമാണ്. അവർക്കായി എന്തെങ്കിലും പദ്ധതിയൊരുക്കി പ്രിയസുഹൃത്തിെൻറ ഓർമകൾ നിലനിർത്താൻ ആലോചനയിലാണ് ബാദുഷയുടെ അടുപ്പക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.