ബൈത്തുസ്സകാത് പ്രചാരണ കാമ്പയിന് തുടക്കം
text_fieldsകോഴിക്കോട്: ബൈത്തുസ്സകാത് കേരളയുടെ സകാത് പ്രചാരണ കാമ്പയിന് ഉജ്ജ്വല തുടക്കം. 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത് വളരണം' എന്ന തലക്കെട്ടിലുള്ള കാമ്പയിൻ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മനുഷ്യരുടെ നന്മയും ക്ഷേമവും ഇസ്ലാമിന്റെ വലിയ അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അജണ്ടയുടെ പ്രായോഗികമായ മാതൃകയാണ് സംഘടിത സകാത്.
ദാരിദ്ര്യനിർമാർജനവും സാമൂഹിക പുരോഗതിയുമാണ് ഇസ്ലാമിന്റെ മഹിതമായ മാതൃക. മുതലാളിയും തൊഴിലാളിയുമല്ല, ദൈവമാണ് സമ്പത്തിന്റെ ഉടമസ്ഥനെന്നും അമീർ കൂട്ടിച്ചേർത്തു. മനുഷ്യൻ ചന്ദ്രനിലും ചൊവ്വയിലുമെത്തിയിട്ടും മുഴുവൻ ദരിദ്രരുടെയും അടുത്തേക്ക് എത്തിയിട്ടില്ലെന്ന് പ്ലാനിങ് ബോർഡ് മുൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ സി.പി. ജോൺ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
കൂടുതലുള്ളവർ കുറച്ചുള്ളവർക്ക് കൊടുക്കുന്ന സകാത് ദാരിദ്ര്യനിർമാർജന പ്രക്രിയയാണ്. സകാത് കിട്ടുന്നയാൾക്ക് ജീവിതം തിരിച്ചുപിടിക്കലാണത്. സംഘടിതമായ സകാത് വിതരണം കൂടുതൽ ശക്തമാക്കണം. കോവിഡ്കാലത്ത് പലിശ കോവിഡിനേക്കാൾ വലിയ മഹാമാരിയായിരുന്നു. ചെറുകിട, സൂക്ഷ്മ വ്യവസായ സംരംഭകരുടെ പ്രതിസന്ധികൾക്ക് കൈത്താങ്ങുണ്ടാകണമെന്നും സി.പി. ജോൺ അഭിപ്രായപ്പെട്ടു.
പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷനായിരുന്നു. ഹബീബ് റഹ്മാൻ, ഡോ. പി.സി. അൻവർ, എം. അബ്ദുൽ മജീദ്, ഉമ്മർ ആലത്തൂർ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു. ഈ മാസം 20 വരെയാണ് പ്രചാരണ കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.