ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ; വിശദ വാദം കേള്‍ക്കണമെന്ന് സി.ബി.ഐ
text_fieldsന്യൂഡൽഹി: എസ്.എന്‍.സി ലാവലിൻ കേസ് വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ഹരജികളില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെടും.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെ നാല് മുതിര്‍ന്ന അഭിഭാഷകർ സി.ബി.ഐക്ക് വേണ്ടി ഹാജരാകും. 2018 ജനുവരിയിൽ നോട്ടിസ് അയച്ചശേഷം കേസ് ഇതുവരെ 31 തവണ ലിസ്റ്റ് ചെയ്തു മാറിപ്പോയി.
കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. 2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്.
കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം.വി. രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.
പിണറായി വിജയൻ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.