ലാവലിൻ: സി.ബി.െഎ ആരോപണം അടിസ്ഥാനരഹിതം– പിണറായി
text_fieldsകൊച്ചി: ലാവലിന്‍ കേസില്‍ തനിെക്കതിരെ സി.ബി.െഎയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈകോടതിയിൽ. മലബാര്‍ കാന്‍സര്‍ സെൻററിന് ധനസഹായം ലഭ്യമാക്കാമെന്ന ലാവലിന്‍ കമ്പനിയുടെ വാഗ്ദാനം കെഎസ്.ഇ.ബിയുമായുണ്ടാക്കിയ കരാറിെൻറ ഭാഗമല്ല. കാന്‍സര്‍ സെൻററിന് സംസ്ഥാന സര്‍ക്കാറിനാണ് കമ്പനി സഹായം വാഗ്ദാനം ചെയ്തത്. പന്നിയാർ, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് ആദ്യമുണ്ടാക്കിയ ധാരണപത്രത്തിലും കരാറിലും കാന്‍സര്‍ സെൻററിന് ധനസഹായം നല്കുന്ന കാര്യം പറഞ്ഞിട്ടില്ല.
1996 ഒക്ടോബര്‍ 17ന് താനുൾപ്പെടെയുള്ളവര്‍ കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സിയായ സിഡയുമായി (കനേഡിയന്‍ ഇൻറര്‍നാഷനല്‍ ഡെവലപ്മെൻറ് അതോറിറ്റി) നടത്തിയ ചര്‍ച്ചയിലാണ് ഈ ആശയം വന്നത്. തുടർന്ന്, സിഡയില്നിന്ന് ധനസഹായം ലഭ്യമാക്കാമെന്ന് ലാവലിനും സംസ്ഥാന സര്‍ക്കാറും 1998 ഏപ്രില്‍ 25ന് ധാരണപത്രം ഉണ്ടാക്കി. ഇതിന് കെ.എസ്.ഇ.ബിയുടെ കരാറുമായി ബന്ധമില്ല.
ലാവലിൻ ഏതുസാഹചര്യത്തിലാണ് കാന്‍സര്‍ സെൻററിന് സഹായം വാഗ്ദാനം ചെയ്തതെന്നും കെ.എസ്.ഇ.ബി ഏതുസാഹചര്യത്തിലാണ് വാഗ്ദാനം സ്വീകരിച്ചതെന്നുമുള്ള സിംഗിള്‍ ബെഞ്ചിെൻറ ചോദ്യത്തിനാണ് ഇൗ വിശദീകരണം നൽകിയത്. മലബാര്‍ കാന്‍സര്‍ സെൻറർ സാമൂഹികസംരംഭമാണ്. ഇത് കാനഡയിലെ യോഗത്തില്‍ വ്യക്തമാക്കിയതുമാണ്.
ലാവലിന്‍ കേസിലെ പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്കിയ റിവിഷന്‍ ഹരജിയില്‍ ഹൈകോടതി ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഹരജിയിലെ കക്ഷികളോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് പിണറായി വിജയെൻറ വിശദീകരണം. സാങ്കേതികവിദഗ്ധരില്ലാത്ത സംഘത്തോടൊപ്പം കാനഡയിലേക്ക് യാത്ര ചെയ്തെന്നും യോഗത്തില്‍ പങ്കെടുെത്തന്നും തനിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, വൈദ്യുതിമന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനും ഇത്തരത്തില്‍ കാനഡ യാത്ര നടത്തിയിട്ടുണ്ട്. സിഡയില്നിന്ന് കിട്ടിയ ധനസഹായം ലാവലിന്‍ മലബാര്‍ കാന്‍സര്‍ സെൻററിന് നല്‍കിയിരുന്നു. സെൻററിെൻറ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍ ലാവലിന്‍ കമ്പനിയുടെ സംഭാവനയും ഇതിനുപുറമെ നല്കി. 1998ലെ ധാരണപത്രത്തിന് പകരം പുതിയ കരാര്‍ ഉണ്ടാക്കാന്‍ 2002 ഡിസംബറിൽലാവലിന് കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുെന്നന്നും സര്‍ക്കാര്‍ അലംഭാവംമൂലമാണ് ഇത് നടക്കാതെപോയതെന്നും പിണറായി വിശദീകരിച്ചു.
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ലാവലിനുമായി ധാരണപത്രം ഒപ്പിട്ടതെന്ന ആരോപണം ശരിയല്ലെന്ന് കേസിലെ മൂന്നാം പ്രതി മുന്‍ കെ.എസ്.ഇ.ബി ചെയര്മാന് ആര്. ശിവദാസന്‍ ബോധിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിെൻറയും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെയും അനുമതി വേണമെന്ന് 1995 ആഗസ്റ്റ് പത്തിന് ഉണ്ടാക്കിയ ധാരണപത്രത്തിലുണ്ടെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. ജലവൈദ്യുത നിലയങ്ങളുടെ കാലാവധി 30^35 വര്‍ഷമാണ്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങള്‍ ഈ കാലാവധി കഴിഞ്ഞവയാണ്. ഇവ നവീകരിക്കേണ്ടെന്ന വാദം സി.ബി.ഐക്കുപോലും ഇല്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.