ലാവലിൻ കേസ് ഫെബ്രുവരിയിലേക്ക് മാറ്റി
text_fieldsകൊച്ചി: ലാവലിന്‍ കേസില്‍ സി.ബി.ഐയുടെ ക്രിമിനല്‍ റിവിഷന്‍ ഹരജി ഫെബ്രുവരി 13ന് പരിഗണിക്കാനായി മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ ഹരജി പരിഗണനക്കത്തെിയപ്പോള്‍ പിണറായിയുടെ അഭിഭാഷകനായ അഡ്വ. എം.കെ. ദാമോദരന് ആരോഗ്യകാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ളെന്ന് ജൂനിയര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകന്‍ ചികിത്സയിലായതിനാല്‍ കേസില്‍ വാദം തുടങ്ങാന്‍ ഒരു മാസത്തെ സമയമെങ്കിലും അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു. ബുധനാഴ്ചമുതല്‍ അന്തിമ വാദം തുടങ്ങാന്‍ നേരത്തേ മറ്റൊരു സിംഗിള്‍ ബെഞ്ച് തീരുമാനിച്ചിരുന്നെങ്കിലും ക്രിസ്മസ് അവധിക്കുശേഷം ജഡ്ജിമാരുടെ പരിഗണന വിഷയങ്ങള്‍ മാറിയപ്പോള്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറുകയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ പിണറായിയുടെ അഭിഭാഷകന്‍ ഹാജരാകില്ളെന്ന സൂചന സി.ബി.ഐക്കുവേണ്ടി ഹാജരാകുന്ന അഡീഷനല്‍ സൊളിസിറ്റര്‍ ജനറലിനും അനൗദ്യോഗികമായി കൈമാറിയിരുന്നു.
എ.എസ്.ജിയും ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം, അഡീഷനല്‍ സൊളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജനുകൂടി ഹാജരാകാന്‍ സാധിക്കുന്ന വിധം സൗകര്യപ്രദമായ തീയതി നിശ്ചയിക്കണമെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതും പിണറായിയുടെ അഭിഭാഷകന്‍െറ ആവശ്യവും പരിഗണിച്ച കോടതി കേസ് ഫെബ്രുവരി രണ്ടാം വാരം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. ദിവസങ്ങളോ ആഴ്ചകളോ നീണ്ട വാദം ആവശ്യമുള്ള വിഷയമല്ല ഇതെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഒരു ചെറിയ കാര്യം തീര്‍പ്പാക്കാനുള്ള കേസില്‍ കോടതിയുടെ സമയം പാഴാക്കരുതെന്നും ഓര്‍മിപ്പിച്ചു.
കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹരജിയില്‍ വാദം കേട്ട ബെഞ്ചിനുമുന്നിലാണ് ഇപ്പോള്‍ കേസ് പരിഗണനക്കുള്ളത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണകരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്. 2013 നവംബര്‍ അഞ്ചിന് പിണറായി വിജയനുള്‍പ്പെടെ കേസില്‍ പ്രതികളായവരെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സി.ബി.ഐ ഹൈകോടതിയില്‍ റിവിഷന്‍ ഹരജി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.