ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്‍െറ നിയമബിരുദവും വിവാദത്തില്‍
text_fieldsതിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറിയ ലക്ഷ്മി നായരുടെ ബിരുദത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചതിനുപിന്നാലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും നാരായണന്‍ നായരുടെ മകനുമായ നാഗരാജിന്‍െറ നിയമബിരുദവും വിവാദത്തില്‍. ലോ അക്കാദമി വിദ്യാര്‍ഥിയായിരുന്ന നാഗരാജ് നാലാം വര്‍ഷ എല്‍എല്‍.ബി പരീക്ഷയിലെ ഫാമിലി ലോ എന്ന പേപ്പറില്‍ തോറ്റെന്നും പിന്നീട് ചീഫ് എക്സാമിനറുടെ സഹായത്താല്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിപ്പിച്ചെന്നുമുള്ള ആക്ഷേപമാണ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ഒരേസമയം രണ്ട് കോഴ്സിന് ചേര്‍ന്ന് പഠിച്ച ലക്ഷ്മി നായരുടെ ബിരുദത്തെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം നാഗരാജിനെതിരായ ആക്ഷേപവും അന്വേഷിക്കണമെന്നാണ് ആവശ്യം.
1993ല്‍ നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റ് അംഗവും ലോ ഡീനുമായിരിക്കെയാണ് നാഗരാജിന്‍െറ മാര്‍ക്ക് സംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. അന്ന് പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ ഗവ. ലോ കോളജിലെ അധ്യാപകന്‍ 39 മാര്‍ക്കായിരുന്നു നല്‍കിയത്. എന്നാല്‍, ചീഫ് എക്സാമിനറായിരുന്ന അന്നത്തെ ലോ അക്കാദമി പ്രിന്‍സിപ്പല്‍, പേപ്പര്‍ റാന്‍ഡം പരിശോധനക്കായി എടുക്കുകയും 63 മാര്‍ക്കായി ഉയര്‍ത്തിനല്‍കിയെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് അന്നത്തെ ഗവര്‍ണര്‍ രാച്ചയ്യക്കും വൈസ്ചാന്‍സലറായിരുന്ന ഡോ. ജെ.വി. വിളനിലത്തിനും പരാതി ലഭിച്ചിരുന്നു.
ഇത് പരിശോധിക്കാന്‍ സര്‍വകലാശാല പരീക്ഷകണ്‍ട്രോളറായിരുന്ന ഡോ. ബാലചന്ദ്രന് വി.സി നിര്‍ദേശവും നല്‍കി. ഡോ. നാരായണന്‍ നായര്‍ അംഗമായ സിന്‍ഡിക്കേറ്റിന്‍െറ പരീക്ഷ സ്റ്റാന്‍ഡിങ് കമ്മിറ്റി ഉത്തരപേപ്പര്‍ വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ഇതിന് അധ്യാപകരെ പരീക്ഷകണ്‍ട്രോളറാണ് നിയമിക്കേണ്ടതെങ്കിലും ചട്ടവിരുദ്ധമായി പ്രോ-വൈസ്ചാന്‍സലറാണ് നിയമിച്ചത്. ലോ അക്കാദമിയിലെ അധ്യാപകരത്തെന്നെ മൂല്യനിര്‍ണയത്തിന് നിയോഗിച്ച് നാഗരാജിനെ രക്ഷിച്ചെടുത്തെന്നും ആരോപണം ഉയര്‍ന്നു.
ഇതുസംബന്ധിച്ച ഫയല്‍ പരീക്ഷകണ്‍ട്രോളറില്‍ നിന്ന് വി.സിയായിരുന്ന വിളനിലം വിളിപ്പിച്ചെങ്കിലും പിന്നീട് ഫയല്‍ പുറംലോകം കണ്ടിട്ടില്ല. ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാതിരുന്ന പരീക്ഷകണ്‍ട്രോളര്‍ ഡോ. ബാലചന്ദ്രനെ പ്രബേഷന്‍ പ്രഖ്യാപിക്കാതെ പിരിച്ചുവിടുകയായിരുന്നു. കൊല്ലം എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നായിരുന്നു അദ്ദേഹം കണ്‍ട്രോളറായി നിയമിതനായത്. നാരായണന്‍ നായരുടെ അനന്തരവനും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. ജയകുമാര്‍ ഒരേസമയം യൂനിവേഴ്സിറ്റി കോളജിലും ലോ അക്കാദമിയിലും പഠിച്ചത് സംബന്ധിച്ച കേസും തേച്ചുമായ്ച്ചുകളയുകയായിരുന്നത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.