ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കല്‍ ജലരേഖയായേക്കും
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ലക്ഷ്മണരേഖ കടക്കില്ളെന്ന് റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍. സാമുദായികസംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും പതിച്ചുനല്‍കിയ ഭൂമി വ്യവസ്ഥലംഘിച്ചതിന് നോട്ടീസ് കൊടുത്തതല്ലാതെ, തിരിച്ചുപിടിച്ച അനുഭവം തന്‍െറ സര്‍വിസ്ജീവിതത്തില്‍ ഇതുവരെയില്ളെന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മുന്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരനും അഡ്വ. സുശീല ഭട്ടിനും വിജയിക്കാനായില്ല.
2005ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഒന്നിലധികം വ്യക്തികളടങ്ങിയ ട്രസ്റ്റുകള്‍ക്ക് പാട്ടത്തിന് കൊടുത്ത ഭൂമി പാട്ടക്കുടിശ്ശിക ഒരു രൂപയീടാക്കി പതിച്ചു നല്‍കാം. ഈ ഉത്തരവിന്‍െറ ബലത്തിലാണ് മുന്‍ മന്ത്രി അടൂര്‍ പ്രകാശ് ഭൂമിദാനം നടത്തിയത്. സ്വകാര്യ ട്രസ്റ്റുകളെ സഹായിക്കുന്ന 2005ലെ ഉത്തരവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിട്ടും പിന്‍വലിച്ചിട്ടില്ല. സര്‍ക്കാര്‍ സ്വത്തായ ഭൂമി അനധികൃതമായി കൈവശംവെച്ചാല്‍ മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെയാണ് 1957ലെ നിയമവും 1958 ചട്ടങ്ങളും അനുസരിച്ച് ശിക്ഷ. കൂടാതെ, 500 മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും നല്‍കണം. ലോ അക്കാദമിക്ക് പതിച്ചുകൊടുത്ത 11.49 ഏക്കറില്‍ അഞ്ചോ ആറോ ഏക്കര്‍ തിരിച്ചുപിടിക്കുമെന്ന് റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രയാസമൊന്നുമില്ല. പുറമ്പോക്കിലെ കവാടവും അത് ഉറപ്പിച്ച തൂണുകളും തഹസില്‍ദാര്‍ക്ക് നീക്കം ചെയ്യാം. എന്നാല്‍, അക്കാദമിയുടെ മര്‍മത്തെ തൊടാന്‍ മാനേജ്മെന്‍റ് അനുവദിക്കില്ല. സാധാരണ ഭൂമി പതിച്ചുനല്‍കുമ്പോള്‍ വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാറിന് സംവിധാനമില്ല. സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ നോട്ടീസ് നല്‍കിയാല്‍ മാനേജ്മെന്‍റ് കോടതി കയറും. നിയമവിദഗ്ധരുടെ ഉല്‍പാദനകേന്ദ്രമാണ് അക്കാദമി. അക്കാദമിക്ക് ഭൂമി പതിച്ചുനല്‍കിയത് നിയമത്തിലെ ‘പൊതുതാല്‍പര്യം’ അനുസരിച്ചാണ്. സംസ്ഥാന സഹകരണബാങ്കും കാന്‍റീനും പ്രവര്‍ത്തിച്ചിരുന്നത് പൊതുതാല്‍പര്യപ്രകാരമാണെന്ന് മാനേജ്മെന്‍റ് വാദിക്കും.
നിയമത്തില്‍ പൊതുതാല്‍പര്യത്തിന് കൃത്യമായ നിര്‍വചനമില്ല. മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ളബ്, വൈ.എം.സി.എ, ഗോള്‍ഫ് ക്ളബ് തുടങ്ങിയ തിരുവനന്തപുരത്തെ നിവരധി സ്ഥാപനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍നീക്കം പരാജയപ്പെട്ടതിന് കാരണം ഇതാണ്. സാമൂഹികപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കാനല്ലാതെ പ്രമാണിമാര്‍ക്ക് കൈവശം വെക്കാന്‍ സര്‍ക്കാര്‍ഭൂമി നല്‍കില്ളെന്ന് അന്നത്തെ സി.പി.ഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞിരുന്നു. എന്നാല്‍, റവന്യൂവകുപ്പിന്‍െറ ഏറ്റെടുക്കല്‍ എവിടെയും എത്തിയില്ല. കൊട്ടാരക്കരയില്‍ ബാറുടമ തോട് കൈയേറി കെട്ടിടം നിര്‍മിച്ചു. സര്‍ക്കാര്‍ കോടതിയില്‍ പോയെങ്കിലും പിഴയടയ്ക്കാനാണ് ഉത്തരവുണ്ടായതെന്നും ഉന്നതന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.