ലോ അക്കാദമി: വിവാദ ഭൂമിയില്‍ നിര്‍മാണത്തിന് മാനേജ്മെൻറ് നീക്കം
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിവാദഭൂമിയില്‍ വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാനേജ്മെൻറ് തീരുമാനം. അക്കാദമി ഡയറക്ടര്‍ ഡോ.എന്‍. നാരായണന് നായര്തന്നെയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. കോളജിെൻറ കനകജൂബിലി സ്മാരകമായി ഓഡിറ്റോറിയം നിർമിക്കാനാണ് മാനേജ്മെൻറ് തീരുമാനം. ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കെട്ടിടം പണിയുന്നത്.
അക്കാദമിയുടെ ഭൂമി സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും നാരായണൻനായർ പറഞ്ഞു. അന്വേഷണം നിർമാണത്തെ ബാധിക്കില്ല. 1968-ല്‍ അക്കാദമിക്ക് സര്‍ക്കാര്‍ പാട്ടത്തിനു നല്കിയ സ്ഥലത്താണ് കോളജ് പ്രവര്‍ത്തിക്കുന്നത്. 1975-ല്‍ അച്യുതമേനോന് സര്‍ക്കാര്‍ പാട്ടക്കാലാവധി 30 വര്‍ഷത്തേക്ക് പുതുക്കി നല്കി. 1984-ല്‍ കെ. കരുണാകരൻ സർക്കാറാണ് വിപണിവില തിട്ടപ്പെടുത്തി നിശ്ചയിച്ച തുകക്ക് ഭൂമി പതിച്ചുനല്‍കിയതെന്നും ഡയറക്ടര്‍ പറഞ്ഞു.
കാമ്പസിൽ സഹകരണ ബാങ്ക് തുറന്നത് വിദ്യാർഥികൾക്ക് ഫീസടയ്ക്കാനുള്ള സൗകര്യത്തിനാണ്. കാമ്പസിൽ ഹോട്ടൽ പ്രവർത്തിപ്പിച്ചിട്ടില്ല. കാൻറീൻ ആയിരുന്നു അവിടുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, വിദ്യാഭ്യാസ ആവശ്യത്തിനു നല്കിയ ഭൂമിയില്‍ അനധികൃത നിർമാണങ്ങള്‍ അക്കാദമി നടത്തിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയെങ്കിലും അതട്ടിമറിക്കപ്പെടുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് തര്‍ക്ക ഭൂമിയില്‍ പുതിയ നിർമാണപ്രവര്‍ത്തനങ്ങളുമായി മാനേജ്മെൻറ് മുന്നോട്ടു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.