ലോ അക്കാദമി സമരം: സമവായത്തിന് സാധ്യത
text_fieldsതിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സി.പി.ഐ ഇടപെട്ട് സമരം അവസാനിപ്പിക്കാനുള്ള വഴിയൊരുങ്ങുന്നു. വിദ്യാർഥികളെ വീണ്ടും ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുനിൽ കുമാറും സമരം ചെയ്യുന്ന എ.ഐ.എസ്.എഫ് പ്രവർത്തകരുമായി ചർച്ച നടത്തിയിരുന്നു. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രനും വി.എസ് സുനിൽകുമാറും കെ.പി രാജേന്ദ്രനും പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണ് ആവശ്യമെന്നും രാജി എന്ന ആവശ്യത്തിൽ കടിച്ചുതൂങ്ങേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ചൂഷണത്തിനെതിരായ സമരത്തിൽ വിദ്യാർഥികൾ ഇപ്പോൾത്തന്നെ വിജയിച്ചുകഴിഞ്ഞു എന്നായിരുന്നു വി.എസ് സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ലോ അക്കാദമി വിഷയത്തിൽ സംസ്ഥാന സർക്കാരിനു തുറന്ന സമീപനമാണ് ഉള്ളതെന്നും അതിനാലാണ് വിദ്യാർഥികളെ വീണ്ടും ചർച്ചയ്ക്കു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനു ശുഭപര്യവസാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ മന്ത്രി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നുവെന്ന് സർക്കാരിന് മനസിലായിട്ടുണ്ടെന്നും വ്യക്തമാക്കി.
പ്രിൻസിപ്പൽ നിയമനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാൽ സമരം പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാൽ, ലക്ഷ്മി നായർ പ്രിൻസിപ്പലാകില്ല എന്ന ഉറപ്പ് കൂടിയേ തീരുവെന്ന് വിദ്യാർഥികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോണ്‍ഗ്രസ് പ്രവർത്തകർ സമരപ്പന്തലിന് മുന്നിൽ പൊങ്കാലയിട്ട് പ്രതിഷേധിച്ചു. ലക്ഷ്മി നായർ രാജിവെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടായിരുന്നു പൊങ്കാല സമരം.
വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന കെ.മുരളീധരൻ എം.എൽ.എയെ കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.